കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മയ്ക്ക് ആവേശകരമായ പ്രതികരണം
Tuesday, June 23, 2015 7:10 AM IST
ലണ്ടന്‍: കോട്ടയം ജില്ലയില്‍നിന്നു യുകെയില്‍ കുടിയേറിയ മലയാളികള്‍ക്കായി ഒരു കൂട്ടായ്മ എന്ന ആശയവുമായി സംഘടിപ്പിച്ച ആലോചനായോഗത്തില്‍ ആവേശകരമായ പ്രതികരണമാണു ലഭിച്ചത്.

ഈസ്റ് ഹാമിലെ ഉദയ റസ്ററന്റില്‍ ജൂണ്‍ 20നു വൈകുന്നേരം ആറിനു നടന്ന ആലോചന യോഗത്തില്‍ ഈസ്റ്ഹാമിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന കോട്ടയംകാരും ഫോണ്‍ വഴിയും യുകെയിലെ പലഭാഗങ്ങളിലുമായി അമ്പതോളം പേരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പേരിനൊരു സംഘടന എന്നതിലുപരി പ്രവാസ ജീവിതത്തിലെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടനയെന്ന ആശയമാണു ഭൂരിപക്ഷം പേരും മുന്നോട്ടുവച്ചത്. അംഗങ്ങളുടെ കലാ, കായിക കഴിവുകള്‍ പരിപോഷിപ്പിക്കുക, കലാ, സാംസ്കാരിക, കായിക അംഗങ്ങളില്‍ മഹത്തായ സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുക, മാനസികവും കായികവുമായ നല്ലൊരു യുവജനതയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍, നമ്മുടെ ഭാഷാ സംസ്കാരം വളര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവച്ചു.

സെപ്റ്റംബറില്‍ നടക്കുന്ന യോഗത്തില്‍ സംഘടനയുടെ പേര്, ലോഗോ, ഭരണഘടനയുടെ ഏകദേശ രൂപം എന്നിവ അവതരിപ്പിക്കും. ഇതോടൊപ്പം പുതിയ ഭരണസമിതിയെയും തെരഞ്ഞെടുക്കും.

സംഘടനയുടെ ഭരണഘടന തയാറാക്കുന്നതിന് അഡ്വ. സന്ദീപ് പണിക്കരും പുതിയ ലോഗോ കണ്െടത്തുന്നതിനു പ്രമുഖ ഡിസൈന്‍ കള്‍സള്‍ട്ടന്റായ അനില്‍ കുമാറും മുന്‍കൈ എടുക്കും. കൂടാതെ റജി നന്തികാട്ട്, ഷാജന്‍ ജോസഫ്, ഡോ. ജോഷി, രാജു ഔസേഫ്, സീനജ്, ജോസോ, ജോസഫ് അരയത്തേല്‍, പോള്‍ കുരുവിള, ജിജോയി, ഷിനു മാത്യു എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.