മെഡിക്കല്‍ പരിശോധന; കേരളത്തില്‍ സൌകര്യമൊരുക്കണം: കല കുവൈറ്റ്
Tuesday, June 23, 2015 7:01 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് കേരളത്തില്‍ ആവശ്യമായ സൌകര്യമൊരുക്കണമെന്നു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്).

ഇതു സംബന്ധിച്ച് ഇന്ത്യന്‍ എംബസിയോടും കുവൈറ്റ് അധികൃതരുമായി ചര്‍ച്ച നടത്താനും ഇതിനാവശ്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും കല കുവൈറ്റ് വിവിധ മന്ത്രാലയങ്ങള്‍ക്കു നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്കുള്ള മെഡിക്കല്‍ പരിശോധനക്കുള്ള അംഗീകാരം ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒറ്റ ഏജന്‍സിയിലേക്കു ചുരുക്കിയതുമൂലം ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളില്‍ മാത്രമായി പരിശോധന ചുരുങ്ങി.

എന്നാല്‍, കേരളത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന പരിശോധന കേന്ദ്രം ഫീസ് വര്‍ധനയെത്തുടര്‍ന്നു പ്രതിഷേധം ശക്തമായപ്പോള്‍ അടച്ചു പൂട്ടുകയായിരുന്നു. ഇതുമൂലമാണ് ഹൈദരാബാദ്, ഡല്‍ഹി, മുംബൈ തുടങ്ങിയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. ഇതു ജോലി തേടി കുവൈറ്റിലേക്കു വരാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിനുപേര്‍ക്ക് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്നും കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്തും ജനറല്‍സെക്രട്ടറി സജി തോമസ് മാത്യുവും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍