തനിമ സാംസ്കാരിക വേദി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Monday, June 22, 2015 8:15 AM IST
ജിദ്ദ: തനിമ സാംസ്കാരിക വേദി (ജിദ്ദ നോര്‍ത്ത്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ചെങ്കടല്‍ തീരത്തെ റിസോര്‍ട്ടില്‍ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിച്ച പരിപാടിയില്‍ എഴുനൂറോളം പേര്‍ സംബന്ധിച്ചു.

അബ്ദുസുബ്ഹാന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വഭാവ സംസ്കരണത്തിനുള്ള പരിശീലനമാണ് വ്രതം, സ്വഭാവ നൈര്‍മല്യവും കാരുണ്യവും ബന്ധപ്പെടുന്ന മുഴുവന്‍ സമൂഹത്തിനും ലഭിക്കുമ്പോഴാണ് യഥാര്‍ഥ നോമ്പുകാരായി നാം മാറുകയെന്നും അദ്ദേഹം പറഞ്ഞു.

സോണല്‍ അധ്യക്ഷന്‍ അബ്ദുഷുക്കൂര്‍ അലി അധ്യക്ഷത വഹിച്ചു. സഹജീവകള്‍ക്കായുള്ള കാരുണ്യ, ദീനാനുകമ്പ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ ധന്യമാക്കാന്‍ ഓരോ പ്രവര്‍ത്തകനും പ്രവര്‍ത്തകയും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഉസ്മാന്‍ പണ്ടിക്കാട് ഖുര്‍ആന്‍ ക്ളാസ് നടത്തി. കുടുംബവും കൂട്ടുകാരും നാട്ടുകാരുമെല്ലാം നമ്മുടെ സാമീപ്യം കൊതിക്കുന്ന തരത്തിലത്തൊന്‍ സാധിക്കുമ്പോഴാണ് ഖുര്‍ആന്‍ ഉള്‍ക്കൊണ്ടവരെന്ന പദവിക്കു നാം അര്‍ഹരാവുകയെന്ന് അദ്ദേഹം പറഞ്ഞു.

തഅ്ലീമുല്‍ ഇസ്ലാം മദ്രസ അഞ്ചാംതരം പരീക്ഷയില്‍ അഖില സൌദി തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഹുദ അബ്ദുറസാഖിനും ഖുര്‍ആന്‍ സ്റഡി സെന്റര്‍ സൂറ അല്‍മുല്‍ക്ക് മനഃപാഠ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയ നസീറ ലത്തീഫ്, ലൈല സലാം, ദീല്‍റുബ അഹമ്മദ് എന്നിവര്‍ക്കും സൂറ അല്‍കഹ്ഫ് ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ നിഹാല ഷിഫാസ്, ഷബാന ഷംസുദ്ദീന്‍, ഫായിസ ജാവീദ്, വഹീദ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങുകള്‍ക്ക് കെ.കെ. നിസാര്‍, സി.എച്ച്. ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍