കാലിഫോര്‍ണിയ മൃഗശാലയില്‍ 150 വയസിലധികമുളള ആമ ഇനി ഇല്ല
Monday, June 22, 2015 5:56 AM IST
സാന്റിയാഗോ: കാലിഫോര്‍ണിയ സാന്‍ഡിയാഗോ മൃഗശാലയിലെ സന്ദര്‍ശകരുടെ ആകര്‍ഷണ കേന്ദ്രമായിരുന്ന 'സ്വീഡ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന 150 വയസിലധികം ഉള്ള ആമ ഇനി ഇല്ല.

1933 ലാണ് സാന്റിയാഗോ മൃഗശാലയില്‍ ആമ എത്തിയത്. 150 ലധികം വയസാണ് ആമയ്ക്കു കണക്കാക്കിയിരിക്കുന്നത്. ജൂണ്‍ 19 നാണ് ആമയുടെ മരണത്തെക്കുറിച്ച് മൃഗശാലാ അധികൃതര്‍ വിവരം പുറത്തുവിട്ടത്.

വാര്‍ധക്യസഹജമായ രോഗങ്ങളാണു മരണ കാരണം. ആര്‍ത്രൈറ്റിസ് രോഗത്തിനു ഹൈഡ്രോ തെറാപ്പി, ഫിസിക്കല്‍ തെറാപ്പി എന്നീ ചികിത്സകള്‍ നല്‍കിയിരുന്നുവെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല.

നാലു വര്‍ഷം മുമ്പു വരെ കുട്ടികളുടെ മൃഗശാലയില്‍ ഉണ്ടായിരുന്ന ആമയുടെ പുറത്തുകയറി സവാരി നടത്തുവാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചിരുന്നു. ഈ ആമയെക്കൂടാതെ പന്ത്രണ്െടണ്ണം കൂടി മൃഗശാലയില്‍ ഉണ്ട്.

ആമ സാധാരണ മറ്റു മൃഗങ്ങളേക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കും. 178 വയസുവരെ ജീവിച്ച് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ സ്ഥാനം നേടിയത്. സെന്റ് 'ഹെലിന' ഐലന്‍ഡില്‍നിന്നുളള ജോനാഥാന്‍ എന്ന ആമയാണ്. പ്രായപൂര്‍ത്തിയായ ആമയുടെ തൂക്കം 250 മുതല്‍ 500 പൌണ്ട് വരെയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍