ഇന്ത്യന്‍ എംബസിയില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
Monday, June 22, 2015 5:53 AM IST
റിയാദ്: ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസില്‍ ആദ്യ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ എന്നിവിടങ്ങളിലുമായി ഇന്ത്യക്കാരും വിദേശികളുമായി നിരവധി പേര്‍ യോഗ ദിനാചരണത്തില്‍ പങ്കാളികളായി.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാരംഭിച്ച ചടങ്ങുകള്‍ എംബസി ഓഡിറ്റോറിയത്തില്‍ ചാര്‍ജ് ഡി അഫയേര്‍സ് ഹേമന്ത് കോട്ടേല്‍വാര്‍ ഉദ്ഘാടനം ചെയ്തു. സെക്കന്‍ഡ് സെക്രട്ടറി മനോജ്കുമാര്‍ ചടങ്ങിനു സ്വാഗതമാശംസിച്ചു.

ജീവിതത്തില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും കോളയും ബര്‍ഗറും നൂഡില്‍സും ആഗോളവത്കരിക്കപ്പെട്ട ഈ ലോകത്ത് യോഗ ആഗോളവത്കരിക്കേണ്ടത് ആരോഗ്യമുള്ള ഒരു തലമുറയ്ക്ക് എത്രമാത്രം അനിവാര്യമാണെന്നതിനെക്കുറിച്ചും യോഗ ഇന്‍സ്ട്രക്ടര്‍മാരായ മിലന്ത് പന്ദാര്‍ക്കറും അദ്ദേഹത്തിന്റെ ഭാര്യ വന്ദന പന്ദാര്‍ക്കറും പ്രായോഗിക ക്ളാസുകളോടെ വിശദീകരിച്ചത് ഏറെ ഹൃദ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗദിന സന്ദേശത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥിനികളുടെ നൃത്താവിഷ്കാരം ചടങ്ങിനു മാറ്റുകൂട്ടി. യോഗ സദസിനു പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടി അവതരിപ്പിച്ച മിലന്ത് പന്ദാര്‍ക്കര്‍, വന്ദന പന്ദാര്‍ക്കര്‍ എന്നിവര്‍ക്കും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ളിക് സ്കൂളില്‍ യോഗ പരിശീലനം നല്‍കിയ യോഗ ഇന്‍സ്ട്രക്ടറും കനേഡിയന്‍ ഡിപ്ളോമാറ്റുമായ മാധുരി കമിനേനിക്കും സീമാ കോട്ടേല്‍വാര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. നൃത്താവിഷ്കാരം ചിട്ടപ്പെടുത്തിയ പത്മിനി യു. നായര്‍, ഉഷാ കൃഷ്ണകുമാര്‍ എന്നിവരും നൃത്തം അവതരിപ്പിച്ച വിദ്യാര്‍ഥിനികളും ഇന്ത്യന്‍ എംബസിയുടെ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങിനു സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗം ഫസ്റ് സെക്രട്ടറി ഐ.പി. ലാക്റേ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍