ത്രൈമാസ കാമ്പയിന്‍ തുടക്കവും ഇഫ്താര്‍ സ്നേഹസംഗമവും സംഘടിപ്പിച്ചു
Monday, June 22, 2015 5:48 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ 'ഇസ്ലാം ഖുര്‍ആന്‍ പ്രവാചകന്‍' എന്ന പ്രമേയത്തില്‍ നടത്തുന്ന ത്രൈമാസ കാമ്പയിനിന്റെ തുടക്കവും ഇഫ്താര്‍ സ്നേഹസംഗമവും മസ്ജിദുല്‍ കബീറില്‍ സംഘടിപ്പിച്ചു.

റംസാന്‍ മുതല്‍ ദുല്‍ഖഅദ് വരെയാണു കാമ്പയിന്‍. പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ അറിയുകയും അവനില്‍ പ്രതീക്ഷയര്‍പ്പിക്കുകയും നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണടു ജീവിക്കുകയും ചെയ്യുമ്പോഴാണു മനഃസമാധാനവും സ്വസ്ഥതയും കൈവരിക്കാന്‍ സാധിക്കൂവെന്ന് 'ഇസ്ലാം ഖുര്‍ആന്‍ പ്രവാചകന്‍' എന്ന വിഷയത്തില്‍ സംസാരിച്ച അബ്ദുള്‍ അസീസ് സലഫി പറഞ്ഞു.

വിശ്വാസ-സ്വഭാവ-സാംസ്കാരിക രംഗങ്ങളില്‍ വരാവുന്ന ജീര്‍ണതകള്‍, സാമ്പത്തിക രംഗത്തെ ചൂഷണങ്ങള്‍, ബന്ധങ്ങളിലുള്ള താളപ്പിഴവുകള്‍ തുടങ്ങിയ ദോഷങ്ങളില്‍നിന്നു രക്ഷപ്പെടാനും അതിലൂടെ ദൈവിക വിശ്വാസം ഊട്ടിയുറപ്പിക്കാനും നോമ്പിലൂടെ സാധ്യമാകുമെന്നു 'റംസാനിന്റെ സന്ദേശം' എന്ന വിഷയത്തില്‍ സംസാരിച്ച മൌലവി അബ്ദുനാസര്‍ മുട്ടില്‍ പറഞ്ഞു.

സംഗമത്തില്‍ രഘുനാഥന്‍ നായര്‍, ഐഐസി ചെയര്‍മാന്‍ എം.ടി. മുഹമ്മദ്, എം.എ. ഹിലാല്‍ (ടയോട്ട), ഹംസ പയ്യന്നൂര്‍ (കെകെഎംഎ), ബഷീര്‍ ബാത്ത (കെഎംസിസി), പി.പി. ജുനൂബ് (മാധ്യമം), ഇസ്മയില്‍ പയ്യോളി (റിപ്പോര്‍ട്ടര്‍), മുഷ്താഖ് നിറമരതൂര്‍ (ചന്ദ്രിക), അനില്‍ പി. അലക്സ് (മംഗളം), ബാപ്പുജി, ജോണി (തനിമ), പ്രതീപ്, ശാം പൈനമൂട് (കല), മുഹമ്മദ് റാഫി, ഖലീല്‍ അടൂര്‍, സാദിഖലി (എംഇഎസ്), ജോയ് മുണ്ടകാടന്‍ (കുട), മുഹമ്മദ് റിയാസ് (അയനം), സത്താര്‍ കുന്നില്‍ (ഇ ചാലകം), സിദ്ദീഖ് വലിയകത്ത് (ഐഎഎ) തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

ഐഐസി പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ഔക്കാഫ് സെക്രട്ടറി പി.വി. അബ്ദുള്‍ വഹാബ്, വൈസ് ചെയര്‍മാന്‍ സിദ്ധീഖ് മദനി, ട്രഷറര്‍ മുഹമ്മദ് ബേബി, എന്‍ജിനിയര്‍ സി.കെ. അബ്ദുള്‍ ലത്തീഫ്, എന്‍.കെ റഹീം, അയൂബ് ഖാന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

യു.പി. മുഹമ്മദ് ആമിര്‍ സ്വാഗതവും നജീബ് സ്വലാഹി നന്ദിയും പറഞ്ഞു. അഹ്മദ് ശഹീര്‍ ഖിറാഅത്ത് നടത്തി. സ്ത്രീകളടക്കം അഞ്ഞൂറില്‍ പരം പേര്‍ ഇഫ്താറില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍