ജീവിത വിജയത്തിനു ദൃഢനിശ്ചയവും തഖ്വയും അനിവാര്യം: സൈദ് മുഹമ്മദ് നിസാമി
Monday, June 22, 2015 5:04 AM IST
റിയാദ്: ജീവിതത്തില്‍ എന്തു കാര്യത്തിനു പുറപ്പെടുമ്പോഴും ദൃഢനിശ്ചയവും തഖ്വയും അനിവാര്യമാണെന്നും അതില്ലാത്തവരുടെ ദിനചര്യകള്‍ ഇഹലോകത്തും പരലോകത്തും ഫലപ്രാപ്തിയില്ലാത്തതായിരിക്കുമെന്നും പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ സൈദ് മുഹമ്മദ് നിസാമി പറഞ്ഞു. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അഹ്ലന്‍ റമദാന്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ ഓരോ ഘട്ടങ്ങളും റമദാനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇസ്ലാമിനെ മനുഷ്യകുലത്തിനു പരിചയപ്പെടുത്തുന്ന ഓരോ സന്ദര്‍ഭങ്ങളിലും ക്ഷമയും തഖ്വയും അതിന്റെ പ്രധാന ആദര്‍ശങ്ങളായാണ് പഠിപ്പിക്കുന്നത്. ഉദ്ദേശ ശുദ്ധിയില്ലായ്മ കൊണ്ടാണു ലോകത്തു പല പ്രവര്‍ത്തനങ്ങളും പാളിപ്പോകുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു. വിശാലതയുടെയും സഹിഷ്ണുതയുടെയും മതമായ ഇസ്ലാം മതം ഒരിക്കലും ഹിംസയിലേക്കും അനീതികളിലേക്കും മനുഷ്യരെ വഴിനടത്തില്ല. ആരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധം വിശാലമാണ് ഇസ്ലാമിന്റെ അകത്തളമെന്നും അദ്ദേഹം വിശദീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുന്നുമ്മല്‍ കോയ അധ്യക്ഷത വഹിച്ച ചടങ്ങു നാഷണല്‍ കമ്മിറ്റി ജന. സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

അബൂബക്കര്‍ ഫൈസി, അബ്ദുല്‍ അസീസ് കോഴിക്കോട്, ഇബ്രാഹിം സുബ്ഹാന്‍, ഹമീദ് വാണിമേല്‍, സൈതലവി ഫൈസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബത്ഹയിലെ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജന. സെക്രട്ടറി എം. മൊയ്തീന്‍ കോയ സ്വാഗതവും ഉസ്മാന്‍ അലി പാലത്തിങ്ങല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍