ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മെമ്പര്‍ഷിപ്പ് ഡ്രൈവിന് ആവേശകരമായ പ്രതികരണം
Monday, June 22, 2015 5:01 AM IST
അമേരിക്കയിലെ മലയാളി വ്യാപാര-വ്യവസായ സംരംഭകരുടെ സംഘടനയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് 50% ഇളവോടെ ജൂണ്‍ ഒന്നു മുതല്‍ 30 വരെ പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ് ഡ്രൈവിനു ലഭിച്ച ആവേശകരമായ പ്രതികരണം വളരെ സന്തോഷകരവും സ്വാഗതാര്‍ഹവുമാണെന്നു പ്രസിഡന്റ് മാധവന്‍ ബി. നായര്‍ പറഞ്ഞു.

ഐഎഎംസിസിയില്‍ മെംബറാകാന്‍ സംരംഭകര്‍ കാണിക്കുന്ന സന്നദ്ധത നിലനില്‍ക്കുന്ന ബിസിനസ് അന്തരീക്ഷത്തില്‍ ഇത്തരത്തിലുള്ള കൂട്ടായ്മയുടെ ആവശ്യകതയാണു കാണിക്കുന്നതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. സംരംഭകരുടെ താത്പര്യം മുന്‍നിര്‍ത്തി വരുംവര്‍ഷങ്ങളില്‍ ഐഎഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും തീരുമാനിച്ചു.

അമേരിക്കന്‍ ബിസിനസ് സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി നിലനിന്നുപോരുന്ന ബിസിനസ് സംരംഭങ്ങള്‍ക്കു വളരുന്നതിനുള്ള വിദഗ്ധോപദേശം നല്‍കുന്നതിനും കാലോചിതമായ നിയമനിര്‍മാണങ്ങള്‍ക്ക് അനുസൃമായി പ്രവര്‍ത്തിക്കുന്നതിനുവേണ്ട നിയമോപദേശങ്ങള്‍ നല്‍കുന്നതിനും കാലാനുസൃതമായി വിദഗ്ധര്‍ സെമിനാറുകള്‍ നയിക്കും.

നെറ്റ് വര്‍ക്കിംഗില്‍കൂടി സാമൂഹിക ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിനും ഭരണസംവിധാനത്തില്‍നിന്ന് എല്ലാവിധ പിന്തുണ ലഭിക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കുന്നതിനും ഐഎഎംസിസി പ്രതിജ്ഞാബദ്ധമാണെന്ന് മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ കോ-ഓര്‍ഡിനേറ്റേഴ്സായ റോയ് എണ്ണചേരിലും, ജോണ്‍ അക്ഷാലയും പറയുകയും, ഈ അവസരം ഉപയോഗിച്ച എല്ലാവരെയും അഭിനന്ദിക്കുകയും അതോടൊപ്പം ജൂണ്‍ 30 വരെയുള്ള സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. രാജശ്രീ പിന്റോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം