'അമേരിക്കന്‍ ഡെയ്സ്' മ്യൂസിക്കല്‍, കോമഡി ഷോ: ആദ്യ മൂന്നു ഷോ നീട്ടി വച്ചു
Saturday, June 20, 2015 8:21 AM IST
ന്യൂജേഴ്സി: യുഎസ് വിദേശകാര്യവകുപ്പിലെ കംപ്യൂട്ടര്‍ തകരാര്‍ മൂലം യുഎസ് വീസ അനുവദിക്കുന്ന നടപടികളിലുണ്ടായ തടസത്തെ തുടര്‍ന്നു 'അമേരിക്കന്‍ ഡെയ്സ്' എന്ന സൂപ്പര്‍ഹിറ്റ് മ്യൂസിക്കല്‍, കോമഡി ഷോ പരിപാടിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായി സംഘാടകര്‍ അറിയിച്ചു.

കലാകാരന്‍മാര്‍ക്ക് എത്തിച്ചേരാനാകാത്ത പ്രത്യേക സാഹചര്യത്തില്‍ ക്വീന്‍സിലും ന്യൂജേഴ്സിയിലും റോക്ലന്‍ഡിലും നടക്കേണ്ട ആദ്യ മൂന്നു പരിപാടികളാണ് മാറ്റിവച്ചിരിക്കുന്നത്. തീയതിയും സ്ഥലവും പിന്നാലെ അറിയിക്കുന്നതാണ്. മറ്റു പരിപാടികള്‍ക്ക് മാറ്റമില്ലന്ന് നാഷണല്‍ സ്പോണ്‍സര്‍ സിജി ജേക്കബ് അറിയിച്ചു.

വീസ അപേക്ഷകരുടെ ബയോമെട്രിക് വിവരങ്ങള്‍ രൂപപ്പെടുത്താനും കൈമാറാനും സാധിക്കുന്നില്ലെന്നതാണ് പ്രധാന തടസമായത്. സുരക്ഷാകാരണങ്ങളാല്‍ ഈ വിവരങ്ങള്‍ ഒഴിവാക്കാനാവാത്തതാണന്നും തകരാര്‍ പരിഹരിച്ചശേഷമേ വീസ അനുവദിക്കാനാവൂ എന്നും വിദേശകാര്യവകുപ്പു വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയിലും മുംബൈ, കൊല്‍ക്കൊത്ത, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലെ യുഎസ് കോണ്‍സുലേറ്റുകളിലും ജൂണ്‍ 22 മുതല്‍ 26 വരെ നടത്താനിരുന്ന നോണ്‍ ഇമിഗ്രന്റ് വീസ ഇന്റര്‍വ്യൂകള്‍ എല്ലാം റദ്ദാക്കിയിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടിയിരുന്നവര്‍ ജൂലൈ ആറിനുശേഷമുള്ള ഇന്റര്‍വ്യൂ തീയതി പുനക്രമീകരിക്കണമെന്നാണ് കോണ്‍സുലേറ്റില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍