ഇസ്ലാഹി സെന്റര്‍ സമൂഹ നോമ്പുതുറക്ക് നൂറു കണക്കിനു അതിഥികള്‍
Saturday, June 20, 2015 8:12 AM IST
റിയാദ്: ഈ വര്‍ഷവും റംസാന്‍ 30 ദിവസവും നടക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സമൂഹ ഇഫ്താര്‍ സംഗമത്തിനു ആവേശത്തോടെ തുടക്കമായി. നൂറുകണക്കിനു അതിഥികളാണ് ശാര റെയിലിലെ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആദ്യ ദിവസം തന്നെ നോമ്പുതുറക്കുന്നതിനും അതോടനുബന്ധിച്ചു നടക്കുന്ന വിജ്ഞാന സദസിലും പങ്കാളികളാകാന്‍ എത്തിച്ചേര്‍ന്നത്.

ബത്ഹ ഇസ്ലാമിക് ഗൈഡന്‍സ് സെന്ററിന്റെയും റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഒരുക്കിയിരിക്കുന്ന ഇഫ്താര്‍ ക്യാമ്പ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെയാണ് ഇത്തവണ നടക്കുന്നത്.

എല്ലാ ദിവസവും ഇഫ്താറിനായെത്തുന്ന മുഴുവന്‍ അതിഥികളേയും സ്വീകരിക്കാന്‍ നൌഷാദ് അലി കോഴിക്കോട്, അഡ്വ. അബ്ദുള്‍ ജലീല്‍, ടി.കെ. നാസര്‍, മൂസ തലപ്പാടി, എം.ഡി. ഹുസന്‍, കെ.ഐ. ജലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്.

അബ്ദുറഹ്മാന്‍ സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, അഷ്റഫ് തിരുവനന്തപുരം, അബ്ദുള്‍ വഹാബ്, ഫസലുല്‍ ഹഖ് ബുഖാരി, അര്‍ഷുല്‍ അഹമ്മദ്, മര്‍സൂഖ്, മുജീബുറഹ്മാന്‍ ഇരുമ്പുഴി, നജീബ് സ്വലാഹി, അബ്ദുള്‍ അസീസ് കോട്ടക്കല്‍, അബ്ദുസലാം ബുസ്താനി, അബ്ദുള്‍ ജലീല്‍ ആലപ്പുഴ, അബ്ദുറസാഖ് എടക്കര, ആതിഫുല്‍ ബുഖാരി, അഫ്സല്‍ സ്വലാഹി തുടങ്ങിയവരാണ് ഇഫ്താര്‍ സംഗമം ഏകോപിപ്പിപ്പു നടപ്പാക്കുന്നത്. അസര്‍ നമസ്കാരത്തോടെ ഇഫ്താര്‍ ക്യാമ്പ് വിജ്ഞാന സദസുകളാല്‍ സജീവമാകും. ക്യാപ്റ്റന്‍ അബ്ദുള്‍ വഹാബ് പരപ്പനങ്ങാടി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.ഡി. ഹുസന്‍ എന്നിവരുടെ നേതൃത്വത്തില്‍ വോളന്റിയര്‍ സംഘവും രംഗത്തുണ്ടായിരിക്കും.

ഖുര്‍ആന്‍ പഠനക്ളാസും ഇസ്ലാമിക പ്രഭാഷണങ്ങളും വൈകുന്നേരം നാലു മുതല്‍ ആരംഭിക്കും. വിവിധ വിഷയങ്ങളില്‍ സംശയ ദുരീകരണത്തിന് പണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പില്‍ സംവിധാനമുണ്ട്. ക്ളാസിലെ സ്ഥിരം പഠിതാക്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും.

വിവരങ്ങള്‍ക്ക്: മുജീബ് ഇരുമ്പുഴി 0541093041, നജീബ് സ്വലാഹി 0500417704.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍