പെര്‍ത്തില്‍ 'ബൈബിള്‍ കലോത്സവം 2015' ജൂണ്‍ 27, ജൂലൈ അഞ്ച് തീയതികളില്‍
Saturday, June 20, 2015 8:11 AM IST
പെര്‍ത്ത്: ഹോളി ഫാമിലി സീറോ മലബാര്‍ കത്തോലിക്ക സമൂഹം ജൂണ്‍ 27, ജൂലൈ അഞ്ച് തീയതികളിലായി ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്നു.

മാഡിംഗ്ടനിലും ജൂണ്ടാലപ്പിലും ആയി വിശ്വാസ പരിശീലനം നടത്തുന്ന അഞ്ഞൂറിലേറെ കുട്ടികള്‍ക്കായി ഒരുക്കുന്ന കലോത്സവത്തില്‍ നിരവധി മത്സര പരിപാടികള്‍ അരങ്ങേറും. ബൈബിളിലെ സുപ്രധാനമായ മലകളുടെയും സ്ഥല നാമങ്ങളുടെയും പേരിനെ ആസ്പദമാക്കി സീനായ്, താബോര്‍, കാര്‍മല്‍, മോറിയ, സെഹിയോന്‍ എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ടീമിനു എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും.

പ്രാരംഭ ദിനമായ ജൂണ്‍ 27ന് ഉപന്യാസരചന, കവിതാരചന, ബൈബിള്‍ വായന, മലയാള പ്രസംഗം, പാട്ട് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ളാസു വരെയുള്ള കുട്ടികളെ സുബ്ജുണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തില്‍ ഇരുനൂറിലേറെ കുട്ടികള്‍ പങ്കെടുക്കും.

പ്രധാന ദിനമായ ജൂലൈ അഞ്ചിനു മൂന്നു വേദികളിലായാണ് മത്സരങ്ങള്‍. മടിങ്ങ്ടോന്‍ കമ്യൂണിറ്റി ഹാളില്‍ ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ സംഘഗാനം, മാര്‍ഗംകളി, ബൈബിള്‍ ക്വിസ്, സംഘനൃത്തം, ഫാന്‍സിഡ്രസ്, ബൈബിള്‍ സ്കിറ്റ് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും. വൈകുന്നേരം ഏഴിനു സമ്മാനദാനം നടക്കും.

പെര്‍ത്ത് ഹോളി ഫാമിലി സീറോ മലബാര്‍ കമ്യൂണിറ്റി വികാരി ഫാ. വര്‍ഗീസ് പാറയ്ക്കല്‍, കുട്ടികളുടെ വിശ്വാസ പരിശീലന വിഭാഗം കോഓര്‍ഡിനേറ്റര്‍ ജോണ്‍ ജോസഫ് എന്നിവര്‍ ബൈബിള്‍ കലോത്സവം 2015നു മേല്‍നോട്ടം വഹിക്കും. പ്രകാശ് ജോസഫ് കോഓര്‍ഡിനേറ്ററും ദീപക് കുര്യാക്കോസ്, എബിന്‍ ജോയ്, നവീന്‍ ജോണ്‍, മരിയ ആല്‍ബര്‍ട്ട്, റാണി സിറിയക്, ബിന്ദു ബിജു, അനു ആന്റണി, രേഷ്മ ഷാജു എന്നിവരുടെ നേതൃത്തത്തിലുള്ള പ്രോഗ്രാം കമ്മിറ്റിയാണ് മത്സരങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത്.

ജോണ്‍സന്‍ ഇടക്കളത്തൂര്‍, ജിജോ ഏബ്രഹാം, ഷിജു ജോസഫ്, ഒഷിന്‍ ദേവസി, ബിന്ദു ബിജു എന്നിവര്‍ മത്സരരംഗത്തുള്ള അഞ്ചു ഗ്രൂപ്പുകള്‍ക്കും ചുമതല വഹിക്കുന്നു. ഓരോ ഗ്രൂപ്പിനും കുട്ടികളില്‍നിന്നായി ക്യാപ്റ്റനും രണ്ടു വൈസ് ക്യാപ്റ്റന്മാരുമുണ്ട്.

കുട്ടികളുടെ വിശ്വാസ വളര്‍ച്ചയില്‍ വലിയ പ്രാധാന്യമുള്ള ബൈബിള്‍ കലോത്സവത്തില്‍ വെസ്റേണ്‍ ഓസ്ട്രേലിയയിലെ മുഴുവന്‍ കത്തോലിക്കരും പങ്കെടുക്കണമെന്ന് ഫാ. വര്‍ഗീസ് പാറയ്ക്കല്‍ വിസി ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: പ്രകാശ് ജോസഫ്