വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഇരുപതാം വാര്‍ഷികം ഡാളസില്‍ നടന്നു
Saturday, June 20, 2015 3:35 AM IST
ഡാളസ്: ആഗോള പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഇരുപതാം വാര്‍ഷികം, വേള്‍ഡ് മലയാളി കൌണ്‍സില്‍ നോര്‍ത്ത് ടെക്സാസ് പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ കരോള്‍ട്ടനില്‍ നടന്നു. ജൂണ്‍ 14 നു വൈകുന്നേരം നടന്ന ആഘോഷപരിപാടികളില്‍ സംഘടനയുടെ ഗ്ളോബല്‍ , റീജിയന്‍, പ്രോവിന്‍സ് തലങ്ങളില്‍ നിന്നായി പ്രതിനിധികള്‍ പങ്കെടുത്തു.

ആന്‍സി തലച്ചെല്ലൂരിന്റെ പ്രാര്‍ഥനാഗാനത്തോടെ പരിപാടികള്‍ തുടങ്ങി. തുടര്‍ന്നു സംഘടനാതല പ്രതിനിധികള്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സ് പ്രസിഡന്റ് സെസില്‍ ചെറിയാന്‍ സ്വാഗതമോതി. ഡാളസിലെ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ പ്രമുഖ നേതാവും ഗ്ളോബല്‍ ഉപദേശക സമിതി അംഗവുമായ ഗോപാലപിള്ള, അമേരിക്കന്‍ റീജിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഡാളസ് പ്രൊവിന്‍സ് ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് വര്‍ഗീസ് മാത്യു, ട്രഷറര്‍ രഞ്ജിത്ത് ലാല്‍. ഡിഎഫ്ഡബ്ള്യൂ പ്രൊവിന്‍സ് ചെയര്‍പേഴ്സണ്‍ ഏലിക്കുട്ടി ഫ്രാന്‍സീസ് എന്നിവരെ സെസില്‍ ചെറിയാന്‍ വേദിയിലേക്ക് സ്വാഗതം ചെയ്തു.

അമേരിക്കന്‍ റീജന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഗ്ളോബല്‍ ഉപദേശക സമിതി അംഗം ഗോപാലപിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നാട്ടില്‍ നിന്നെത്തിയ തൃശൂര്‍ പൂരവാദ്യമേളസംഘം ആഘോഷങ്ങള്ക്ക് മാറ്റ് കൂട്ടി. സുകു വര്‍ഗീസ്, ചാര്‍ളി ജോര്‍ജ്, സുശീല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനാലാപനവും സഞ്ജന സുശീല്‍, കെല്‍സി ചെറിയാന്‍, ദിവ്യാ ദീപക് എനിവരുടെ നേതൃത്വത്തില്‍ നടന്ന സംഘനൃത്തവും പരിപാടികള്‍ക്ക് ചാരുതയേകി. സജി ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു. വിരുന്നോടുകൂടിയാണ് പരിപാടികള്‍ക്ക് സമാപനമായത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍