ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയിലിരുന്നു യാത്ര; അന്വേഷണം തുടങ്ങി
Friday, June 19, 2015 8:13 AM IST
ലണ്ടന്‍ : വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു ചരിത്രസംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് എയര്‍വേസ് തിടുക്കത്തില്‍ അന്വേഷണം ആരംഭിച്ചു.

ജോഹാനസ്ബര്‍ഗില്‍നിന്നു ലണ്ടിലേക്കു (ഹീത്രു) പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയിലിരുന്നു യാത്ര ചെയ്ത രണ്ടുപേരെക്കുറിച്ചാണ് കമ്പനി അന്വേഷിക്കുന്നത്. യാത്രക്കാരില്‍ ഒരാള്‍ താഴെവീണു മരിച്ചു. രണ്ടാമന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൌത്ത് വെസ്റ് ലണ്ടനിലെ റിച്ച്മോണ്ടിലെ ഒരു കെട്ടിടത്തിന്റെ മുകളിലേക്കു വീണാണ് ഒരാള്‍ മരിച്ചതെന്ന് അന്വേഷണ ഏജന്‍സിയായ സ്കോട്ലന്‍ഡ് യാര്‍ഡ് വക്താവ് അറിയിച്ചു. ഇയാളെ റിച്ച്മോണ്ടിലെ ഒരു ഓഫീസ് കോംപ്ളെകിന്റെ മുകളില്‍നിന്നും കണ്ടെത്തിയതായി ബ്രിട്ടനിലെ മുഖ്യധാരാപത്രങ്ങള്‍ വെളിപ്പെടുത്തി. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെയാണു സംഭവത്തെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. 25 നും 30 ഇടയില്‍ പ്രായമുള്ള ആളാണ് മരിച്ചതെന്നു സ്കോട്ലന്‍ഡ് യാര്‍ഡ് വക്താവ് അറിയിച്ചു. ബ്രിട്ടീഷ് എയര്‍വേയ്സ് ഫ്ളൈറ്റ് നമ്പര്‍ ആഅ0054  എന്ന വിമാനത്തില്‍ ഇവര്‍ ഇരുചക്രങ്ങള്‍ക്കും ഇടയിലിരുന്ന് ഏതാണ്ട് 8,000 മൈല്‍ (13,000 കിലോമീറ്റര്‍) യാത്ര ചെയ്തുവെന്നാണ് കണക്കുകൂട്ടല്‍. 11 മണിക്കൂറും അഞ്ചു മിനിറ്റും ഇവര്‍ യാത്രചെയ്തിട്ടുണ്ട്. ഇയാള്‍ ഏതാണ്ട് 400 മീറ്റര്‍ ഉയരത്തില്‍നിന്നു വീണുവെന്നാണു നിഗമനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍