ജര്‍മന്‍ റോഡ് ടോളിനെതിരേ യൂറോപ്യന്‍ യൂണിയന്‍ നിയമനടപടിക്ക്
Friday, June 19, 2015 8:12 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ പ്രധാന റോഡുകളില്‍ വാഹനം ഓടിക്കുന്ന വിദേശികളില്‍നിന്നു ടോള്‍ ഈടാക്കാനുള്ള ജര്‍മനിയുടെ തീരുമാനത്തിനെതിരേ യൂറോപ്യന്‍ യൂണിയന്‍ നിയമ നടപടി സ്വീകരിക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടി ഉറപ്പു നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നതെന്നു യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. യൂണിയനിലെ മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരോടു വിവേചനം കാണിക്കുന്ന നടപടിയാണിതെന്നും ഇവര്‍ യൂറോപ്യന്‍ കോടതിയില്‍ വാദിക്കും.

എന്നാല്‍, വിദേശികള്‍ക്കു മാത്രമല്ല, സ്വദേശികള്‍ക്കും ടോള്‍ ഏര്‍പ്പെടുത്തുന്നു എന്നാണു ജര്‍മനിയുടെ വാദം. സാങ്കേതികമായി ഇതു ശരിയുമാണ്. യൂറോപ്യന്‍ യൂണിയന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ അതിനെ പ്രതിരോധിക്കാന്‍ മുന്‍കൂട്ടി സ്വീകരിച്ച കുറുക്കുവഴിയായിരുന്നു ഇത്. സ്വദേശികളില്‍നിന്നു കൂടി റോഡ് ടോള്‍ ഈടാക്കും എങ്കില്‍ പോലും, അവര്‍ നല്‍കുന്ന വെഹിക്കിള്‍ ടാക്സില്‍നിന്ന് ഈ തുക കുറവു ചെയ്തു കൊടുക്കുകയാണു ചെയ്യുന്നത്.

2016 ല്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന റോഡ് ടോള്‍ പദ്ധതി തത്കാലം നീട്ടിവയ്ക്കാനും ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 130 യൂറോ ആയിരിക്കും ടോള്‍. ഇതില്‍ 74 യൂറോ ജര്‍മനിക്കാര്‍ക്കു മാത്രം തിരികെ കിട്ടും. ഹൈവേ(ഓട്ടോബാന്‍) റോഡ് ശൃംഖലയും മറ്റു പ്രധാന ഹൈവേകളും ഉപയോഗിക്കുന്നവരില്‍നിന്നായിരിക്കും ടോള്‍ ഈടാക്കുക. വിന്‍ഡ്സ്ക്രീനില്‍ ഇതിന്റെ സ്റിക്കര്‍ പതിച്ചിരിക്കണമെന്നാണു വ്യവസ്ഥ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍