മലയാളി ഭവനങ്ങളുടെ സുരക്ഷ ശക്തമാക്കുക: ഒരുമ ഹൂസ്റണ്‍
Friday, June 19, 2015 6:19 AM IST
ഹൂസ്റണ്‍: ടെക്സസ് ഹൂസ്റണില്‍ മലയാളികള്‍ കൂടുതലായി അധിവസിക്കുന്ന ഷുഗര്‍ലാന്റ്, മി സൌദരി സിറ്റി, സ്റാഫോര്‍ഡ് പ്രദേശങ്ങളില്‍ സമീപകാലത്ത് ഉണ്ടായ ഭവനഭേദനങ്ങള്‍ മലയാളി കുടുംബങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. ഇത്തരം കവര്‍ച്ചാശ്രമങ്ങള്‍ തടയുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനും വേണ്ടി റിവര്‍ സ്റോണിലെ പ്രമുഖ മലയാളി സംഘടനയായ 'ഒരുമ ഹൂസ്റണ്‍' പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു.

ഫോര്‍ട്ട് ബെന്‍ഡ് കൌണ്ടി ഡെപ്യൂട്ടി ക്രിസ്റീന റിസെന്റ്സിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് മേധാവികളുടെ സാന്നിധ്യത്തില്‍ ഒരുമ പ്രസിഡന്റ് സാനി ഇഞ്ചക്കലിന്റെ ഭവനത്തില്‍ ജൂണ്‍ 16നു വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ ജോസ് കരിമ്പുംകാലായില്‍ (സെക്രട്ടറി) സാബു ജോസഫ് സന്തോഷ് ചെറിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നൂറോളം തദ്ദേശവാസികള്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കു പോലീസ് മേധാവികള്‍ മറുപടി നല്‍കി. റിവര്‍ സ്റോണ്‍ പ്രദേശത്ത് പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കുന്നതിന്റെ ആവശ്യത്തെപ്പറ്റി യോഗം ഒന്നടങ്കം അധികാരികളെ ബോധ്യപ്പെടുത്തി. മൂന്നു മാസത്തിനുശേഷം വീണ്ടും യോഗം വിളിച്ചു കൂട്ടി സുരക്ഷാ നടപടികള്‍ വിശകലനം ചെയ്യാമെന്നു പോലീസ് മേധാവികള്‍ ഉറപ്പു നല്‍കി. ഇതിലേക്കു പുനര്‍ നടപടികള്‍ ശക്തമായി കൊണ്ടു പോകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജോ തെക്കിനേത്തും ബാബു ജോണും ഊന്നിപറഞ്ഞു.

യോഗ നടപടികളില്‍ പോലീസ് അധികാരികളെ പങ്കെടുപ്പിക്കുന്നതിനു പ്രിന്‍സ് ജേക്കബ് മുന്‍കൈ എടുത്തു. വൈസ് പ്രസിഡന്റ് ജീനു ജയിംസിന്റെ നന്ദി പ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു. സമീപകാല സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ഇങ്ങനെ ഒരു സമ്മേളനം വിളിച്ചു കൂട്ടാന്‍ മുന്‍കൈ എടുത്ത 'ഒരുമ'യുടെ പ്രവര്‍ത്തകരെ പ്രദേശവാസികള്‍ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി