കാരൂര്‍ സോമന്റെ ഇംഗ്ളീഷ് നോവല്‍ പ്രകാശനം ചെയ്തു
Friday, June 19, 2015 6:14 AM IST
തിരുവനന്തപുരം: കഥയും നോവലും കവിതയും യാത്രാവിവരണങ്ങളും ഒക്കെയായി നാല്‍പ്പതില്‍പരം മലയാള പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള കാരൂര്‍ സോമന്റെ മലബാര്‍ എഫ്ളേം എന്ന ഇംഗ്ളീഷ് നോവല്‍ പ്രകാശനം ചെയ്തു.

ജൂണ്‍ അഞ്ചിനു സെനറ്റ് ഹൌസ് കാമ്പസിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എം.ജി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ജാന്‍സി ജയിംസിനു ആദ്യ കോപ്പി നല്‍കി നോവലിസ്റും തകഴിയുടെ കൊച്ചുമകളുമായ ജയ്ശ്രീ മിശ്ര പ്രകാശനം ചെയ്തു.

ചടങ്ങില്‍ മലബാര്‍ എഫ്ളേം എഡിറ്റ് ചെയ്ത സീനിയര്‍ ജേണലിസ്റ് കുര്യന്‍ പാമ്പാടി ഗ്രന്ഥകാരനെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തി. ഡോ. മീന ടി. പിള്ള ഡയറക്ടറായ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റഡീസാണു സെമിനാര്‍ സംഘടിപ്പിച്ചത്. ന്യൂഡല്‍ഹിയിലെ മീഡിയ ഹൌസ് ആണു നോവല്‍ പ്രകശാനം ചെയ്തത്.

അസോസിയേറ്റ് പ്രഫസറും സെന്റര്‍ ഫോര്‍ ഓസ്ട്രേലിയന്‍ സ്റഡീസ് ഡയറക്ടറുമായ ഡോ. സുജ കുറുപ്പു സ്വാഗതം പറഞ്ഞു. പങ്കെടുത്തവരില്‍ ആര്‍ട്സ് ഡീന്‍ ഡോ. മായാ ദത്ത്, പ്രഫ. ഡോ. ബി. ഹരിഹരന്‍, എഴുത്തുകാരനായ രാകേശ് വര്‍മ, ലെക്സിക്കന്‍ എഡിറ്റര്‍ ഡോ. മിനി നായര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു. പിഎച്ച്ഡി സ്കോളര്‍ സുചേതശങ്കര്‍ നന്ദി പറഞ്ഞു.