സൌദിയില്‍ ഇഖാമയുടെ കാലാവധി അഞ്ചു വര്‍ഷമാക്കുന്നു; ഒക്ടോബര്‍ 14നു പ്രാബല്യത്തില്‍ വരും
Friday, June 19, 2015 6:08 AM IST
ദമാം: സൌദിയിലെ വിദേശികളുടെ താമസരേഖയായ ഇഖാമയുടെ കാലാവധി അഞ്ചു വര്‍ഷമായി ഉയര്‍ത്താനും ഇഖാമയുടെ പേരു മാറ്റാനും സൌദി ജവാസാത്ത് തീരുമാനിച്ചു.

ഇഖാമയുടെ കാലാവധി നീട്ടല്‍, പേരുമാറ്റം തുടങ്ങിയ ജവാസാത്തിന്റെ വിവിധ പരിഷ്കരണ പദ്ധതികള്‍ക്കു കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ തുടക്കം കുറിച്ചു.

നിലവിലുള്ള ഇഖാമ എന്ന പേരിനു പകരം വിദേശിയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന അര്‍ഥം വരുന്ന ഹവിയത് മുഖീം എന്ന പേരിലായിരിക്കും ഇഖാമ ഇനിം അറിയപ്പെടുക. ഒക്ടോബര്‍ 14 മുതലാണു പുതിയ സംവിധാനം നിലവില്‍ വരിക.

ഇഖാമയുടെ കാലാവധി അഞ്ചു വര്‍ഷമായി ഉയര്‍ത്തിയെങ്കിലും തൊഴിലാളിയുടെയും തൊഴിലുടമയുടെയും സൌകര്യാര്‍ഥം ഒരു വര്‍ഷത്തേക്കും രണ്ടു വര്‍ഷത്തേക്കും താമസ രേഖ പുതുക്കാവുന്നതാണെന്നു ജവാസാത്ത് അറിയിച്ചു.

അഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ പൂര്‍ണമായും ഇലക്ട്രോണിക് രീതിയിലേക്കു മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്കരിക്കുന്നതെന്നു ജവാസാത്ത് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം