റിയാദില്‍ കാണാതായ വിജയന്‍ മലസ് ജയിലില്‍
Friday, June 19, 2015 6:07 AM IST
റിയാദ്: കഴിഞ്ഞ ആഴ്ച മുതല്‍ റിയാദില്‍ കാണാതായ വടകര നാദാപുരം പുറമേരി പാറച്ചാലിന്‍ വിജയന്‍(48) മലസിലെ ജയിലിലുള്ളതായി സാമൂഹ്യ പ്രവര്‍ത്തകര്‍ക്കു വിവരം ലഭിച്ചു. വിജയന്റെ സ്പോണ്‍സറെ വിളിച്ച് ജയിലധികൃതര്‍ വിവരമറിയിക്കുകയായിരുന്നത്രേ.

ഇസുസു ട്രക്കിന്റെ ഡ്രൈവറായ വിജയന്‍ ചൊവ്വാഴ്ച രാവിലെ ലഭിച്ച ലോഡുമായി പോകുന്ന വഴി പോലീസ് പിടിക്കുകയായിരുന്നത്രേ. രണ്ട് ഈജിപ്തുകാരാണു ട്രിപ്പ് വിളിച്ചത്. ലോഡുമായി പോകുന്ന വഴി പോലീസ് പിടികൂടുകയായിരുന്നു. അവര്‍ കയറ്റിയ ബോക്സുകളില്‍ മയക്കുമരുന്നുണ്ടായതാണു പിടികൂടാന്‍ കാരണമെന്നറിയുന്നു. വിജയന്‍ നിരപരാധിയാണെന്നു മനസിലായ അന്വേഷണ ഉദ്യോഗസ്ഥര്‍ ടിക്കറ്റും പാസ്പോര്‍ട്ടുമായി വന്നാല്‍ വിജയനെ നാട്ടിലേക്കു കയറ്റി വിടാമെന്നു സ്പോണ്‍സറോടു പറഞ്ഞതായി സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. വിജയന്‍ തീര്‍ത്തും നിരപരാധിയാണെന്നും നിര്‍ധന കുടുബത്തിന്റെ അത്താണിയായതിനാല്‍ ഇവിടെത്തന്നെ ഇറക്കാന്‍ ശ്രമം നടക്കുന്നതായും സുഹൃത്തുക്കളും സഹായത്തിനായി കൂടെയുള്ള സാമൂഹ്യപ്രവര്‍ത്തകരും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍