കൊളോണിലെ ഇന്ത്യന്‍ വാരാഘോഷം നിറപ്പകിട്ടാര്‍ന്നു
Thursday, June 18, 2015 8:12 AM IST
കൊളോണ്‍: കൊളോണ്‍ നഗരസഭയും ഇന്തോ ജര്‍മന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് ഇന്ത്യന്‍ വാരാഘോഷത്തിനു നിറപ്പകിട്ടാര്‍ന്ന തുടക്കം.

കൊളോണ്‍ നഗരസഭാ മേയര്‍ യൂര്‍ഗന്‍ റോട്ടേഴ്സ്, രവീഷ് കുമാര്‍ (ജനറല്‍ കോണ്‍സല്‍, ഇന്ത്യന്‍ ജനറല്‍ കോണ്‍സുലേറ്റ്, ഫ്രാങ്ക്ഫര്‍ട്ട്), ഡോ.ഗുന്തര്‍ കേണിംഗ്(പ്രസിഡന്റ്, ഇന്തോ- ജര്‍മന്‍ സൊസൈറ്റി), റൌട്ടന്‍സ്ട്രൌസ് മ്യൂസിയം ഡയറക്ടര്‍, ഇന്തോ ജര്‍മന്‍ സൊസൈറ്റി സിഇഒ ഹീപ്പ് റൂത്ത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് വാരാഘോഷം ഉദ്ഘാടനം ചെയ്തു.

കൊളോണ്‍ നഗരസഭയുടെയും ഇന്തോ-ജര്‍മന്‍ സാംസ്കാരിക സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ കൊളോണ്‍ നൊയെമാര്‍ക്ക്റ്റിലെ റൌട്ടന്‍സ്ട്രൌഷ് ജോസഫ് ജോസ്റ് മ്യൂസിയം ഓഡിറ്റോറിയത്തിലാണ് ഇന്ത്യന്‍ വാരാഘോഷം അരങ്ങേറിയത്.

വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഇന്ത്യയുമായി പ്രത്യേകിച്ച് കേരളവുമായി വാണിജ്യം-കലാ-സാഹിത്യ രംഗങ്ങളില്‍ ഇന്ത്യന്‍ വാരാഘോഷം മുഖേന ജര്‍മന്‍കാര്‍ക്ക് ഒരു തുറവുണ്ടാക്കാന്‍ സാധിക്കുമെന്ന് കോണ്‍സല്‍ ജനറലും കൊളോണ്‍ സിറ്റി മേയറും ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഇന്തോ -ജര്‍മന്‍ സൊസൈറ്റി അധ്യക്ഷന്‍ ഗുന്തര്‍ ക്വേണിംഗ് മുഖ്യപ്രഭാഷണം നടത്തി. സുവര്‍ണ ജൂബിലി നിറവിലെത്തിയ ഇന്തോ-ജര്‍മന്‍ സൊസെറ്റിയുടെ കഴിഞ്ഞ 51 വര്‍ഷത്തെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കാരെയും ജര്‍മന്‍കാരെയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്നപോലെ സാംസ്കാരികമായി അഭിവൃദ്ധിപ്പെടുത്താനായതില്‍ അഭിമാനമുണ്ടെന്നു ഗുന്തര്‍ ക്വേണിംഗ് പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിലെ കലാസായാഹ്നത്തില്‍ കൊളോണ്‍ കേരള സമാജത്തിന്റെ സഹകരണം ഇത്തവണയും ശ്രദ്ധേയമായി. പ്രശസ്ത നര്‍ത്തകി മീര വര്‍ഗീസ്, കസ്തൂരി ചിലങ്കൈഒളി ഡാന്‍സ് സ്കൂളിന്റെ കലാപ്രതിഭാ സഹോദരങ്ങളായ ജിം, റിയാ വടക്കിനേത്ത്, ലൊറേന്‍, സാംബവി എന്നിവരുടെ ഗ്രൂപ്പ് അവതരിപ്പിച്ച ക്ളാസിക്കല്‍, സിനിമാറ്റിക് നൃത്തങ്ങള്‍, അഫ്ഗാന്‍ ഹിന്ദു സമാജം നടത്തിയ ഗാനാലാപനം തുടങ്ങിയ പരിപാടികള്‍ സദസ്യരുടെ മുക്തകണ്ഠപ്രശംസ പിടിച്ചുപറ്റി. ഇന്ത്യന്‍ ക്ളാസിക്കല്‍ മ്യൂസിക് ഇന്‍സ്ട്രമെന്റുകളായ സിത്താര്‍, തബല എന്നിവയില്‍ ഉണര്‍ത്തിയ താളരാഗങ്ങള്‍ ഏറ്റവും മികച്ച നിലവാരം പുലര്‍ത്തി. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന കലാസായാഹ്നം യൂര്‍ഗന്‍ തോമസ് മോഡറേറ്റ് ചെയ്തു.

ഓഡിറ്റോറിയത്തിനു പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കരകൌശലസാധനങ്ങള്‍, ആഹാര പാനീയങ്ങളുടെ സ്റാളുകള്‍, കൊളോണിലെ മുന്തിയ ട്രാവല്‍ ഏജന്‍സിയായ സുമ ട്രാവല്‍സ് തുടങ്ങിയവ തുറന്നു പ്രവര്‍ത്തിച്ചത് പങ്കെടുക്കാനെത്തിയ ജര്‍മന്‍കാര്‍ക്കു കൂടുതല്‍ ഉണര്‍വേകി. കേരളത്തനിമയില്‍ കേരള സമാജം കൊളോണ്‍ ഭരണസമിതിയംഗങ്ങള്‍ ഒരുക്കിയ നാടന്‍ വെജിറ്റേറിയന്‍ ഭക്ഷണം സായാഹ്നത്തിലെ ഹൈലൈറ്റ് ആയിരുന്നു.

കൊളോണ്‍ കേരള സമാജം ഭാരവാഹികളായ ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത് (സ്പോര്‍ട്സ് സെക്രട്ടറി), സെബാസ്റ്യന്‍ കോയിക്കര (വൈസ്പ്രസിഡന്റ്) നോസ് നെടുങ്ങാട്ട് (ജോയിന്റ് സെക്രട്ടറി), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) ജോസ് കല്ലറയ്ക്കല്‍, അമ്മിണി കോയിക്കര, മേരി പുതുശേരി, എല്‍സി വടക്കുംചേരി, സാലി ചിറയത്ത്, ഷീന കുമ്പിളുവേലില്‍ എന്നിവരുടെ സഹകരണം സജീവമായിരുന്നു. നിരവധി മലയാളികളും ജര്‍മന്‍കാരും ഉള്‍പ്പടെ ഏതാണ്ട് അഞ്ഞൂറോളം പേര്‍ പരിപാടികള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു. പരിപാടി പ്രവേശനം തികച്ചും സൌജന്യമായിരുന്നു. ജൂണ്‍ 21 ന് (ഞായര്‍) വാരാഘോഷത്തിനു തിരശീല വീഴും.