'മീനാകുമാരി കമ്മീഷന്‍ ശിപാര്‍ശ മത്സ്യത്തൊഴിലാളികള്‍ക്കു വെല്ലുവിളി'
Thursday, June 18, 2015 8:11 AM IST
റിയാദ്: പതിനൊന്നുലക്ഷം മത്സ്യത്തൊഴിലാളികളും കൂടാതെ അനുബന്ധ ജോലികളില്‍ ഏര്‍പ്പെടുന്നവരും അടക്കമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച മീനാകുമാരി കമ്മീഷന്‍ യാഥാര്‍ഥത്തില്‍ മത്സ്യത്തൊഴിലാളികളെ കരയില്‍നിന്നും കടലില്‍നിന്നും ആട്ടിയോടിക്കുകയാണ് ചെയ്തിട്ടുള്ളതെന്നു ഷാജഹാന്‍ ആലപ്പുഴ റിയാദിലെ സ്വീകരണയോഗത്തില്‍ പറഞ്ഞു.

ഹൃസ്വസന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ ആലപ്പുഴ മുസ്ലിം യൂത്ത് ലീഗ് ട്രഷററും എസ്ടിയു സംസ്ഥാന മത്സ്യത്തൊഴിലാളി യൂണിയന്‍ സെക്രട്ടറിയുമായ ഷാജഹാന്‍ ആലപ്പുഴ റിയാദ് കെഎംസിസി തീരദേശ മണ്ഡലങ്ങളുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു.

1178 വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ അധീനതയിലുള്ള കടലില്‍ മത്സ്യബന്ധനം നടത്താനുള്ള അനുമതിയാണു കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്നത്. കൂടാതെ 12 നോട്ടിക്കല്‍ മൈലിനപ്പുറം നാടന്‍ വള്ളങ്ങള്‍ക്കു മത്സ്യബന്ധനം പാടില്ലെന്ന കരിനിയമവും മീനാകുമാരി കമ്മീഷന്‍ ശിപാര്‍ശിയിലുണ്െടന്നു മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ വര്‍ഷങ്ങളായി ഇടപെടുന്ന ട്രേഡ് യൂണിയന്‍ നേതാവ് പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു വീട് വയ്ക്കുന്നതിനും താത്കാലിക നമ്പര്‍ ഇടുന്നതിനും നിലവിലെ സിആര്‍ഇസഡ് 500 മീറ്റര്‍ ദൂരപരിധി പ്രശ്നമല്ലെന്നും ഷാജഹാന്‍ സൂചിപ്പിച്ചു.

ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ച സ്വീകരണയോഗം കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ ഉദ്ഘാടനം ചെയ്തു. സി.എം.ടി അബൂബക്കര്‍ സ്മാരക പുരസ്കാരം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സി.പി. മുസ്തഫ ഷാജഹാന്‍ ആലപ്പുഴയ്ക്ക് സമ്മാനിച്ചു. ചടങ്ങില്‍ ഉസ്മാനലി പാലത്തിങ്ങല്‍, മുഹമ്മദ് കോയ തങ്ങള്‍, സി.എം.ടി. ഫൈസല്‍, കെ.സി. ലത്തീഫ്, അബൂബക്കര്‍ പയ്യാനക്കല്‍, മജീദ് കൊച്ചി, സഫീര്‍ പറവണ്ണ, ഷാഹുല്‍ ചെറൂപ്പ, അബ്ദുസലാം മൌലവി തുടങ്ങിയവര്‍ സംസാരിച്ചു. ബാവ താനൂര്‍ സ്വാഗതവും കുഞ്ഞിപ്പ മുട്ടനൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍