ഒഐസിസി ഓസ്ട്രേലിയ കാന്‍സര്‍ രോഗികളുടെ കുട്ടികള്‍ക്കു പഠനസഹായം നല്‍കി
Thursday, June 18, 2015 6:08 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ കാന്‍സര്‍ രോഗികളുടെ കുട്ടികള്‍ക്കായി സ്വരൂപിച്ച പഠന സഹായ ഫണ്ട് മുന്‍ എംപിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പി.ടി. തോമസ് തൃശൂരിലെ കുര്യാക്കോസ് ഏലിയാസ് സര്‍വീസ് സൊസൈറ്റിയുടെ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ഫാ. ജോയി വട്ടോലിക്കു കൈമാറി.

ചടങ്ങില്‍ സിസ്റര്‍ മോളി പാറോക്കാരന്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി വിക്ടോറിയന്‍ പ്രസിഡന്റ് ജോസഫ് പീറ്റര്‍, സെക്രട്ടറി പി.വി. ജിജേഷ്, ഒഐസിസി നേതാക്കളായ ഹൈനസ് ബിനോയി, സോബന്‍ തോമസ്, അരുണ്‍ പാലയ്ക്കലോടി, തമ്പി ചെമ്മനം എന്നിവരുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ഫണ്ടാണ് കെഇഎസ്എസിനു കൈമാറിയത്. 50 കുട്ടികള്‍ക്കാണുപുതിയ അധ്യയനവര്‍ഷത്തില്‍ ധനസഹായം നല്‍കിയത്.

ഒഐസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പി.ടി. തോമസ് അഭിനന്ദിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്കു പ്രചോദനമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തവരെയും പദ്ധതിയുമായി സഹകരിച്ചവരെയും ദേശീയ ചെയര്‍മാന്‍ സി.പി. സാജു അഭിനന്ദിച്ചു.