വീസ തട്ടിപ്പിനു ഇരയായി ദുരിതമനുഭവിച്ച തമിഴ്നാട് സ്വദേശിയെ നവയുഗം പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി
Thursday, June 18, 2015 6:00 AM IST
അല്‍കോബാര്‍: വീസ തട്ടിപ്പിനു ഇരയായി മൂന്നു മാസക്കാലം ദുരിതമനുഭവിച്ച തമിഴ്നാട് സ്വദേശി, നവയുഗം പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം നാട്ടിലേക്കു മടങ്ങി.

തമിഴ്നാട് നാഗപട്ടണം സ്വദേശി എ. അന്‍പഴകന്‍ മൂന്നു മാസം മുമ്പാണ് അല്‍കോബാറിലെ ഒരു കമ്പനിയില്‍ ജോലിക്കെത്തിയത്. ഹെവി ഡ്രൈവര്‍ ജോലിക്കുള്ള വീസ എന്നു പറഞ്ഞായിരുന്നു കമ്പനി അന്‍പഴകനെ കൊണ്ടു വന്നത്. കമ്പനിയുടെ ട്രെയിലര്‍ ഓടിക്കാനുള്ള ജോലി നല്‍കുകയും ട്രെയിലര്‍ ഓടിക്കുകയും ചെയ്തു. എന്നാല്‍, പോലീസ് പിടിച്ചപ്പോള്‍ മാത്രമാണ്, തന്റെ വീസ ഹൌസ് ക്ളീനര്‍ ജോലിക്കുവേണ്ടി മാത്രം ഉള്ളതായിരുന്നു എന്നും ഈ വീസയില്‍ ഉള്ളവര്‍ക്കു ട്രെയിലര്‍ ഓടിക്കാനുള്ള അനുവാദമില്ലെന്നും അന്‍പഴകന്‍ അറിയുന്നത്.

സ്പോണ്‍സര്‍ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് അന്‍പഴകനെ പോലീസ് സ്റേഷനില്‍നിന്ന് ഇറക്കി. തന്റെ വീസ മാറ്റി 'ഹെവി ഡ്രൈവര്‍' വീസ ആക്കി ഡ്രൈവിംഗ് ലൈസന്‍സ് എടുത്തു നല്‍കാത്തപക്ഷം, താന്‍ ഇനി ഒരിക്കലും ട്രെയിലര്‍ ഓടിക്കില്ല എന്ന നിലപാട് ആയിരുന്നു അന്‍പഴകന്‍ സ്വീകരിച്ചത്. എന്നാല്‍, വീസ മാറ്റാന്‍ സ്പോണ്‍സര്‍ തയാറായില്ല. ശമ്പളം ഒന്നും നല്‍കിയില്ലെന്നു മാത്രമല്ല, അന്‍പഴകനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

തുടര്‍ന്നു അന്‍പഴകന്‍ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകനായ ഷിബു കുമാറിനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ഷിബു കുമാറിന്റെയും സാമൂഹികപ്രവര്‍ത്തകനായ സെയ്ദിന്റെയും സഹായത്തോടെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തു.

കോടതിയില്‍ സ്പോണ്‍സര്‍ തെറ്റ് സമ്മതിക്കുകയും ഒത്തുതീര്‍പ്പിനു തയാറാകുകയും ചെയ്തു. തുടര്‍ന്നു എക്സിറ്റ് അടിച്ച പാസ്പോര്‍ട്ട് നല്‍കി. നവയുഗം പ്രവര്‍ത്തകര്‍ ടിക്കറ്റും നല്‍കിയതോടെ അന്‍പഴകന്‍ നാട്ടിലേക്കു മടങ്ങി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം