റിയാദ് നവോദയയുടെ ജോ. സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ നിര്യാതനായി
Thursday, June 18, 2015 5:31 AM IST
റിയാദ്: നവോദയയുടെ ജോ. സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ (52) ഹൃദയാഘാതംമൂലം നാട്ടില്‍ നിര്യാതനായി. കഴിഞ്ഞ മേയ് മാസത്തില്‍ ഭാര്യയോടൊപ്പം നാട്ടില്‍ 2 മാസത്തെ അവധിക്കു പോയതായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിയാദില്‍ സൌദി ബ്രിട്ടീഷ് ബാങ്ക് ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ നായര്‍ നവോദയയടെ രൂപീകരണം മുതല്‍ സംഘടനയുടെ നേതൃനിരയില്‍ സജീവമായിരുന്നു. നവോദയ ബത്ത യൂണിറ്റ് രൂപീകരിക്കുന്നതിലും സംഘടനയുടെ പൊതുവായ വളര്‍ച്ചയിലും വലിയ സംഭാവന നല്‍കിയ മികച്ച സംഘാടകനായിരുന്നു രാജേന്ദ്രന്‍ നായര്‍. കലാ-സാംസ്കാരിക രംഗത്തും സജീവമായിരുന്നു. അറിയപ്പെടുന്ന നാടക നടന്‍ കൂടിയായിരുന്ന അദ്ദേഹം, ജയന്‍ തിരുമനയുടെ സംവിധാനത്തില്‍ റിയാദില്‍ അരങ്ങേറിയ ടിപ്പു സുല്‍ത്താന്‍ (തട്ടകം), തീപ്പൊട്ടന്‍ (നവോദയ) എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുകയും നവോദയയുടെ 4-ാം വാര്‍ഷികത്തിനവതരിപ്പിച്ച മരുഭൂമിയെ പ്രണയിക്കുന്നവര്‍ എന്ന നാടകത്തില്‍ നായക വേഷമിടുകയും ചെയ്തിരുന്നു. റിയാദ് സഹ്യകലാവേദിയുടെ നാടകങ്ങളിലും രാജേന്ദ്രന്‍ നായര്‍ അഭിനയിച്ചിട്ടുണ്ട്.

കൊല്ലം കരുനാഗപ്പള്ളി, പന്മന സ്വദേശിയായ രാജേന്ദ്രന്‍ 22 വര്‍ഷമായി സൌദിയിലുണ്ട്. കുടുംബസമേതം റിയാദിലുണ്ടായിരുന്ന അദ്ദേഹത്തിന് വിപിന്‍, വിശാല്‍ എന്നീ രണ്ട് ആണ്‍മക്കളാണുള്ളത്. റിയാദ് ഇന്ത്യന്‍ സ്കൂള്‍ പൂര്‍വവിദ്യാര്‍ഥികളായ ഇരുവരും എന്‍ജിനിയറിംഗ് പഠനത്തിനായി ചെന്നൈയിലാണുള്ളത്. നവോദയ കുടുംബവേദി അധ്യക്ഷകൂടിയായ ബിന്ദു രാജേന്ദ്രനാണ് രാജേന്ദ്രന്റെ ഭാര്യ.

നവോദയ കേന്ദ്ര കമ്മിറ്റിയും കുടുംബവേദിയും രാജേന്ദ്രന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. വ്യാഴാഴ്ച സംഘടനയുടെ ആഭിമുഖ്യത്തില്‍ ബത്ത ഷിഫ അല്‍ ജസീറ ഹാളില്‍വച്ച് രാത്രി 9.30ന് അനുശോചനയോഗം ചേരുമെന്നു നവോദയ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍