പ്രഫ. ആഡംസ് ബോഡോമോയ്ക്കു പ്രോസി എക്സലന്‍സ് അവാര്‍ഡ്
Wednesday, June 17, 2015 5:19 AM IST
വിയന്ന: പ്രോസി എക്സോട്ടിക്ക് ഫെസ്റിവലിനോടനുബന്ധിച്ച് പ്രവര്‍ത്തന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവര്‍ക്ക് പ്രോസി ഗ്ളോബല്‍ ചാരിറ്റി ഫൌണ്േടഷന്‍ നല്‍കി വരുന്ന എക്സലന്‍സ് അവാര്‍ഡ് ആഡംസ് ബോഡോമോയ്ക്ക് ലഭിക്കും.

വിയന്ന യൂണിവേഴ്സിറ്റിയിലെ ഗ്ളോബല്‍ ആഫ്രിക്കന്‍ ഡയസ്പോറ സ്റഡീസ് ഗവേഷണ വിഭാഗം തലവനായി സേവനം ചെയ്യുകയാണ് ബോഡോമോ. വിയന്ന യുണിവേഴ്സിറ്റിയുടെ 650 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആഫ്രിക്കക്കാരന്‍ ഈ സ്ഥാനെത്തുന്നത്.

ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടിയുള്ള ഡിപ്പാര്‍ട്ട്മെന്റില്‍ ആഫ്രിക്കന്‍ ഭാഷാ സാഹിത്യത്തിന്റെ ഫാക്കല്‍ട്ടി ആയിട്ടാണ് ആഡംസ് ബോഡോമോ നിയമിതനായിരിക്കുന്നത്. നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍നിന്നു ഭാഷാശാസ്ത്രത്തില്‍ പിഎച്ച്ഡിയുള്ള ബോഡോമോ അമേരിക്കയിലെ സ്റാന്‍ഫോര്‍ഡ് യുണിവേഴ്സിറ്റിയില്‍ ലക്ചറര്‍ ആയിരുന്നിട്ടുണ്ട്. ഹോങ്കോംഗ് യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദം നേടിയട്ടുള്ള അദ്ദേഹം അവിടെ തന്നെ അസോസിയേറ്റ് പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ ആഫ്രിക്കന്‍ സ്റഡീസിന്റെ സ്ഥാപക ഡയറക്ടറുമായിരുന്നു. ചൈന-ആഫ്രിക്ക ഉഭയകഷി ബന്ധത്തില്‍ പഠനം നടത്തുന്ന ഗവേഷണ വിദ്യാര്‍ഥികളുടെ ഗൈഡ് കൂടിയാണ് അദ്ദേഹം.

ജൂണ്‍ 19, 20 തീയതികളില്‍ ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 15-ാമത് എക്സോട്ടിക് ഫെസ്റിവലില്‍ പുരസ്കാരം ആഡംസ് ബോഡോമോയ്ക്കു സമ്മാനിക്കും.

ചടങ്ങില്‍ വിയന്നയിലെ ഗ്രീന്‍ പാര്‍ട്ടിയുടെ പ്രധാന നേതാവും സിറ്റി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറുമായ മരിയ വസിലാകു മുഖ്യാതിഥിയായിരിക്കും. ഇംഗ്ളണ്ടില്‍നിന്നുള്ള മലയാളി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ശിങ്കാരിമേളവും തായ്ലന്‍ഡില്‍നിന്ന് എത്തുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ തായ് പരമ്പരാഗത നൃത്തവും ഈ വര്‍ഷത്തെ മേളയെ ഏറെ ശ്രദ്ധേയമാക്കും. നിരവധി രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ മേളയിലെ ജനപ്രിയ ഇനങ്ങളാണ്. വിവിധ സംസ്കാരങ്ങളില്‍നിന്നുള്ളവരുടെ ഉദ്ഗ്രഥനത്തിനും മതമൈത്രിക്കും ഊന്നല്‍ നല്‍കി സംഘടിപ്പിക്കുന്ന മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിശിഷ്ട വ്യക്തികള്‍ അതിഥികളാകും. ഏകദേശം അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. വിവിധ മത സമുദായങ്ങളെ പ്രതിനിധീകരിച്ചു മതനേതാക്കന്മാര്‍ സന്ദേശങ്ങള്‍ നല്‍കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി