ഐസിസി കമ്യൂണിറ്റി ഡേയും ഇടവകത്തിരുനാളും; തിരുനാള്‍ പ്രദക്ഷിണം ബിഷപ് ഫ്രാന്‍സ് ഷാള്‍ നയിക്കും
Wednesday, June 17, 2015 5:19 AM IST
വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ഇടവകത്തിരുനാളും ഇടവകദിനാചരണവും ജൂണ്‍ 21നു (ഞായര്‍) ഇടവകയുടെ കേന്ദ്രമായ മൈഡ് ലിംഗ് ദേവാലയത്തില്‍ ആഘോഷിക്കുന്നു. ക്രിസ്മസും ഈസ്ററും കഴിഞ്ഞാല്‍ ഐസിസി വിയന്നയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇടവകത്തിരുനാള്‍.

മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകത്തിന്റെ ആചാര്യനായ വിശുദ്ധ തോമാശ്ളീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും ഓര്‍മത്തിരുനാള്‍ ലൂര്‍ദ് മാതാവിന്റെ മധ്യസ്ഥതയില്‍ സംയുക്തമായി ആഘോഷിക്കുവാന്‍ ലഭിക്കുന്ന അവസരം അതീവസന്തോത്തോടെയാണ് ഉറ്റുനോക്കുന്നതെന്നും ഐസിസിയോടു ചേര്‍ന്ന് ഈ പുണ്യദിനം പാവനമാക്കാനും ആത്മീയ നിറവിലും സ്നേഹകൂട്ടായ്മയിലും പൂരിതമാകാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ളെയിന്‍ ഡോ. ഫാ. തോമസ് താണ്ടപിള്ളി അറിയിച്ചു.

ജൂണ്‍ 21നു (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് മരിയ ലൂര്‍ദ് പള്ളിയില്‍ തിരുനാള്‍ ആഘോഷത്തിനു തുടക്കമാകും. ആഘോഷമായ സമൂഹബലിയും പ്രദക്ഷിണവും ഇടവക ദിനാചരണത്തെ ഭക്തിസാന്ദ്രമാക്കും. തിരുനാള്‍ പ്രദക്ഷിണം വിയന്ന അതിരൂപത സഹായമെത്രാന്‍ ഫ്രാന്‍സ് ഷാള്‍ നയിക്കും. തുടര്‍ന്നു നേര്‍ച്ച വിളമ്പോടുകൂടി തിരുനാളിനു സമാപനമാകും.

ഐസിസി ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപിള്ളിയോടൊപ്പം, ഫാ. ജോയി പ്ളാതോട്ടത്തില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറെക്കാലയില്‍, സെക്രട്ടറി സ്റീഫന്‍ ചെവ്വൂക്കാരന്‍, ലിറ്റര്‍ജി കണ്‍വീനര്‍ കുര്യന്‍ ആനിനില്‍ക്കുംപറമ്പില്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്കു ക്രമീകരണങ്ങള്‍ ഒരുക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി