ജീവിതാഭിലാഷ സാഫല്യ പദ്ധതി: ലുലു ഗ്രൂപ്പ് 'മേക്ക് എ വിഷ്' ഫൌണ്േടഷനുമായി സഹകരിക്കുന്നു
Wednesday, June 17, 2015 5:16 AM IST
അബുദാബി: ആതുരസേവന രംഗത്ത് പുത്തന്‍ ആശയവുമായി എത്തി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ജീവകാരുണ്യ സംഘടനയായ മേക്ക് എ വിഷ് ഫൌണ്േടഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ലുലു ഗ്രൂപ്പ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചു.

ജീവനു ഭീഷണിയാകുന്ന രോഗങ്ങള്‍ക്കു വിധേയരായ കുട്ടികളുടെ ജീവിതാഭിലാഷ സഫലീകരണത്തിനായി ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണു മേക്ക് എ വിഷ്. ഭരണാധികാരികളെ നേരില്‍ കാണുക, ഉംറയ്ക്ക് പോകുക, ഇഷ്ടപ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുക, മനസില്‍ ആഗ്രഹിച്ച സമ്മാനങ്ങള്‍ ലഭ്യമാക്കുക തുടങ്ങി കുട്ടികളുടെ മനസിലെ ജീവിതാഭിലാഷങ്ങള്‍ നേടികൊടുക്കുന്ന പദ്ധതികളാണ് 'മേക്ക് എ വിഷ്' യാഥാര്‍ഥ്യമാക്കുന്നത്. 1980 ല്‍ അമേരിക്കയിലെ അരിസോണയില്‍ ആരംഭിച്ച ഫൌണ്േടഷന്‍ ഇതുവരെ രണ്ടുലക്ഷത്തി എഴുപതിനായിരത്തോളം കുട്ടികളുടെ ആഗ്രഹങ്ങളാണു സഫലീകരിച്ചിരിക്കുന്നത്.

യുഎയിലെ ലുലു മാളുകളില്‍ ഇതുസംബന്ധിച്ചു ബോധവത്കരണം നടത്താനും ധനശേഖരണം നടത്താനുമാണു പദ്ധതി തയാറാക്കുന്നത്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കളില്‍നിന്നും ഒരു ദിര്‍ഹം വീതം സമാഹരിച്ച് ലഭ്യമാകുന്ന തുകയും അതിനു തുല്യമായി ലുലു ഗ്രൂപ്പു നല്‍കുന്ന തുകയും ചേര്‍ത്ത് ഫൌണ്േടഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവനയായി നല്‍കാനാണു തീരുമാനിച്ചിരിക്കുന്നത്.

പത്രസമ്മേളനത്തില്‍ 'മേക്ക് എ വിഷ്' ഫൌണ്േടഷന്‍ സിഇഒ ഹാനി അല്‍ സുബൈദി, ബോര്‍ഡ് അംഗങ്ങളായ ഷെയ്ഖ് നൂര്‍ ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസ്മി, ഹംദാന്‍ അല്‍ കാബി, ലുലു റീജണല്‍ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍, ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ വി. നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള