കുടിയേറ്റക്കാര്‍ ജര്‍മനിയില്‍നിന്നു നാട്ടിലേക്കയച്ചത് 13 ബില്യന്‍ യൂറോ
Tuesday, June 16, 2015 8:19 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ കഴിഞ്ഞ വര്‍ഷം അവരവരുടെ വീടുകളിലേക്ക് അയച്ചുകൊടുത്തത് പതിമൂന്ന് ബില്യന്‍ യൂറോയ്ക്കു തുല്യമായ തുക.

കുടിയേറ്റ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തം നാടുകളിലേക്ക് അയച്ചിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ മുന്നില്‍ ജര്‍മനി തന്നെയാണ്. പണത്തിന്റെ രൂപത്തില്‍ അല്ലാതെ, അടിസ്ഥാന വസ്തുക്കള്‍, മരുന്ന്, വസ്ത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, വിദ്യാഭ്യാസ ചെലവുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന തുകയാണ് കണക്കാക്കിയിരിക്കുന്നത്.

ഇവരുടെ കുടുംബങ്ങളുടെ വരുമാനത്തില്‍ ശരാശരി അമ്പതു ശതമാനവും ഇങ്ങനെ അയച്ചു കൊടുക്കുന്ന പണമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിത്യചെലവുകള്‍ കൂടാതെ അല്‍പ്പം മിച്ചം പിടിക്കാനും നിക്ഷേപങ്ങള്‍ നടത്താനും ചിലര്‍ക്കെങ്കിലും സാധിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യയിലുള്ള വിദേശികളാണ് ഏറ്റവും കൂടുതല്‍ തുക സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നത്. 20.6 ബില്യന്‍ ഡോളര്‍ വരും ഇത്. യുകെയില്‍നിന്ന് വിദേശികള്‍ അയയ്ക്കുന്നത് 17.1 ബില്യന്‍ ഡോളര്‍. യുകെയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ജര്‍മനി മൂന്നാം സ്ഥാനം നേടിയപ്പോള്‍ ഫ്രാന്‍സും (10.5 ബില്യന്‍ ഡോളര്‍) ഇറ്റലിയും (10.4 ബില്യന്‍ ഡോളര്‍) നാലും അഞ്ചും സ്ഥാനങ്ങളിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍