ത്രൈമാസ കാമ്പയിന്‍ റമദാനിന് ആരംഭിക്കുന്നു
Tuesday, June 16, 2015 8:17 AM IST
കുവൈറ്റ്: 'ഇസ്ലാം ഖുര്‍ആന്‍ പ്രവാചകന്‍' എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്‍ റമദാന്‍ മുതല്‍ ദുല്‍ഖഅദ് വരെ നടത്താന്‍ തീരുമാനിച്ചു.

ജൂണ്‍ 18 ന് ആരംഭിച്ച് സെപ്റ്റംബര്‍ 18 വരെയായിരിക്കും കാമ്പയിന്‍. 19നു വൈകുന്നേരം അഞ്ചിന് മസ്ജിദുല്‍ കബീറില്‍ കാമ്പയിന്‍ പ്രഖ്യാപനവും ഉദ്ഘാടനവും നടക്കും. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍, കേരളത്തിലെ പ്രമുഖ വാഗ്മിയും മേപ്പയ്യൂര്‍ സലഫി കോളജിലെ അധ്യാപകനുമായ കെ.പി. അബ്ദുള്‍ അസീസ് സ്വലാഹി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

ഇസ്ലാം സമാധാനത്തിന്റെ സന്ദേശം, ഖുര്‍ആന്‍ കാലഹരണപ്പെടാത്ത ദിവ്യഗ്രന്ഥം, പ്രവാചകന്‍ (സ) നന്മയുടെ വസന്തം തുടങ്ങിയ വിഷയങ്ങളില്‍ പതിനായിരം പേരിലേക്ക് പ്രത്യേകം തയാറാക്കിയ ബുക്ലെറ്റ് വിതരണം ചെയ്യും. സ്നേഹ സംഗമം, പഠന ക്യാമ്പുകള്‍, പ്രഭാഷണങ്ങള്‍, ടേബിള്‍ ടോക്ക്, ദഅ്വ സ്ക്വാഡുകള്‍, മുഖാമുഖം, ക്വിസ് മത്സരങ്ങള്‍, ലഘുലേഖ വിതരണം എന്നിവ നടക്കും. നജീബ് സ്വലാഹി, പി.വി. അബ്ദുള്‍ വഹാബ്, യു.പി. മുഹമ്മദ് ആമിര്‍ എന്നിവരടങ്ങിയ കാമ്പയിന്‍ കമ്മിറ്റി രൂപീകരിച്ചു.

യോഗത്തില്‍ ഐഐസി പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, ട്രഷറര്‍ മുഹമ്മദ് ബേബി, വൈസ് ചെയര്‍മാന്‍ വി.എ. മൊയ്തുണ്ണി, നജീബ് സ്വലാഹി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍