വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുവാനുള്ള നിര്‍ദ്ദേശവുമായി പാര്‍ലമെന്റ് അംഗം രംഗത്ത്
Tuesday, June 16, 2015 8:16 AM IST
കുവൈറ്റ്: വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുവാനുള്ള നിര്‍ദ്ദേശവുമായി പാര്‍ലമെന്റ് അംഗം രംഗത്ത് വന്നു. രാജ്യത്തെ പ്രവാസികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിനു ആനുപാതികമായി അഞ്ച് ശതമാനത്തോളം നികുതി ചുമത്തണമെന്ന് കാമില്‍ അല്‍ അവാദി എംപി ആവശ്യപ്പെട്ടു.

രാജ്യത്തെ വിവിധ സേവനങ്ങളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും വിദേശികള്‍ കൂടി അനുഭവിക്കുന്നുണ്ട് . സ്വദേശത്തേക്ക് എക്സ്ചേഞ്ചുകള്‍ വഴിയും ബാങ്കുകള്‍ വഴിയും പണമിടപാടു നടത്തുമ്പോള്‍ നിശ്ചിത ശതമാനം സര്‍ക്കാരിലേക്ക് ഈടാക്കുവാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന രീതിയില്‍ സെന്‍ട്രല്‍ ബാങ്ക് നിയമങ്ങളില്‍ മാറ്റം വരുത്തുവാനുള്ള ഭേദഗതികള്‍ അടങ്ങിയ പ്രമേയമാണ് അവാദി അവതരിപ്പിച്ചിരിക്കുന്നത്.

നികുതി അടയ്ക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് തുകയുടെ ഇരട്ടി പിഴ ചുമത്തണമെന്നും പ്രമേയത്തില്‍ നിര്‍ദ്ദേശമുണ്ട്. കാമില്‍ അല്‍ അവാദിയുടെ നിര്‍ദ്ദേശം ആശങ്കയോടെയാണ് വിദേശികള്‍ നോക്കികാണുന്നത്. ഇപ്പോള്‍ തന്നെ ആരോഗ്യരംഗത്ത് പ്രതിവര്‍ഷം 50 ദിനാര്‍ ഇന്‍ഷ്വറന്‍സ് ആയി നല്‍കുന്നുണ്ട്. പെട്രോള്‍, ജലം, വൈദ്യുതി തുടങ്ങിയവയുടെ സബ്സിഡി ആനുകൂല്യം എടുത്തുകളയുവാന്‍ ചര്‍ച്ച നടക്കുന്ന സമയത്താണ് കൂനിന്മേല്‍ കുരുപോലെ നികുതി നിര്‍ദ്ദേശവും വന്നിരിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍