ഭിക്ഷാടനം: കര്‍ശന നടപടികളുമായി കുവൈറ്റ്
Tuesday, June 16, 2015 6:01 AM IST
കുവൈറ്റ്: റമദാനെ സ്വീകരിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രാലയം അറിയിച്ചു. പുണ്യമാസത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന ഭിക്ഷാടനം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ആധുനിക സമൂഹത്തിനു അനുഗുണമല്ലാത്ത ഇത്തരം പ്രവണതകള്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ അല്‍ ഫഹദ് അറിയിച്ചു.

കഷ്ടതയനുഭവിക്കുന്നവര്‍ക്ക് എന്നും അഭയം നല്‍കിയ പാരമ്പര്യമാണു കുവൈറ്റിനുള്ളത്. രാജ്യത്തെ വിവിധ ചാരിറ്റി സംഘടനകള്‍ വഴി നിരന്തരം സഹായങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍പന്തിയിലായിരിക്കെ ഇസ്ലാമിക തത്വങ്ങളും പ്രവാചക വചനങ്ങളും മറന്നു ഭിക്ഷാടനം ചെയ്യുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖം മറച്ച് ആരെന്നുപോലും വ്യക്തമാകാത്തവിധം മസ്ജിദുകള്‍, മാളുകള്‍ തുടങ്ങിയിടങ്ങളില്‍ ഭിക്ഷാടനത്തിനായി എത്തുന്ന സ്ത്രീവേഷധാരികള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ഇത്തരത്തില്‍ പിടിയിലാകുന്ന വിദേശികളെ നാടുകടത്തും. ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിലെ എമര്‍ജന്‍സി നമ്പര്‍ ആയ 112 ല്‍ അറിയിക്കണമെന്നു സ്വദേശികളോടും വിദേശികളോടും അദ്ദേഹം അഭ്യര്‍ഥിച്ചു. ഭിക്ഷാടകരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്െടന്നും സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍