കൈരളി നികേതന്‍ സ്കൂള്‍ സമാപന സമ്മേളനവും വിനോദയാത്രയും നടത്തി
Tuesday, June 16, 2015 5:59 AM IST
വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കീഴിലുള്ള കൈരളി നികേതന്‍ മലയാളം സ്കൂളിന്റെ 2014-15 അധ്യയന വര്‍ഷത്തിന്റെ സമാപന ചടങ്ങും പഠനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാതപിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ഏകദിന വിനോദയാത്രയോടുകൂടി ഈ വര്‍ഷത്തെ അധ്യയന വര്‍ഷം സമാപിച്ചു. സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ജോഷിമോന്‍ എര്‍ണാകേരില്‍ സ്വാഗതം ആശംസിച്ച വാര്‍ഷിക സമ്മേളനത്തില്‍ ഐസിസി വിയന്നയുടെ അസിസ്റന്റ് ചാപ്ളെയ്ന്‍ ഫാ. ജോയി പ്ളാത്തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു.

സ്കൂള്‍ പ്രവര്‍ത്തനങ്ങളെയും എല്ലാ വര്‍ഷവും മലയാളി കുട്ടികള്‍ക്കായി സംഘടിപ്പിച്ചുവരുന്ന യുവജനോത്സവത്തെയുംകുറിച്ച് ഫാ. ജോയി സംസാരിച്ചു. ഈ വിഷയങ്ങളില്‍ കൂസുത്തല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ സ്കൂള്‍ ഭാരവാഹികളുമായി സംസാരിച്ചു കാര്യങ്ങള്‍ മനസിലാക്കണമെന്ന് അദ്ദേഹം മതാപിതാക്കളോട് അഭ്യര്‍ഥിച്ചു. സമ്മേളനത്തില്‍ വിവിധ ക്ളാസുകളില്‍ പഠനവിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്തു. പഠനകാര്യങ്ങള്‍ക്കുവേണ്ടി ജര്‍മനിയിലേക്കു പോകുന്ന ഡാന്‍സ് അധ്യാപിക അന്‍സുവിനു സ്കൂള്‍ കമ്മിറ്റി നന്ദി അറിയിച്ചു. ചടങ്ങില്‍ സ്കൂള്‍ സെക്രട്ടറി ജോമി സ്രാമ്പിക്കല്‍ നന്ദി പറഞ്ഞു.

സ്കൂള്‍ അടച്ചതിനുശേഷം ജൂണ്‍ 13നു ഒരു സംഘം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും നോയിസീഡ്ലര്‍സെയ്ക്ക് അടുത്തുള്ള മെര്‍ക്യന്‍ ഫാമിലി പാര്‍ക്കിലേക്ക് ഉല്ലാസയാത്ര നടത്തി. കൈരളി നികേതന്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു കൂട്ടായ്മയുടെയും ഉല്ലാസത്തിന്റെയും മേഖലകളും വ്യക്തിത്വവികാസത്തിനും നേതൃത്വ പരിശീലനത്തിനും കലാപരമായ കഴിവുകള്‍ വളര്‍ത്തുന്നതിനും ഗുണകരമാകുന്ന രീതിയില്‍ കൂടിയാണു സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്നു യാത്രയ്ക്ക് ആമുഖമായി സ്കൂള്‍ പ്രസിഡന്റ് പറഞ്ഞു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിനോദ പരിപാടികള്‍ ഉല്ലാസയാത്ര ഏറെ രസകരമാക്കി. അപകട സാധ്യതകള്‍ പരമാവധി ഒഴിവാക്കി യഥേഷ്ടം ഉല്ലസിക്കാന്‍ ഏറ്റവും നല്ല സ്ഥലമെന്ന നിലയില്‍ ഫാമിലി പാര്‍ക്കിലെ ഫണ്‍ പാര്‍ക്കും ഗെയിമുകളും വാട്ടര്‍ റൈഡുകളും കുട്ടികളെ ഏറെ സഹായിച്ചുവെന്നു മാതാപിതാക്കള്‍ വിലയിരുത്തി. സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ജോഷിമോന്‍ എറണാകേരിലിനൊപ്പം, ബോബന്‍ കളപുരയ്ക്കല്‍, ജോമി സ്രാമ്പിക്കല്‍, ഫിലോമിന നിലവൂര്‍ എന്നിവര്‍ യാത്രയ്ക്കുവേണ്ട സഹായങ്ങള്‍ ഒരുക്കി. വരും വര്‍ഷങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതും ഉല്ലസിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതുമായ പുതിയ സ്ഥലങ്ങള്‍ കണ്െടത്താന്‍ ശ്രമങ്ങള്‍ നടത്തുമെന്ന് സ്കൂള്‍ കമിറ്റിക്കുവേണ്ടി സണ്ണി പാലാട്ടിയും ഫിലോമിന നിലവൂരും അഭിപ്രായപ്പെട്ടു. അടുത്ത അധ്യയന വര്‍ഷത്തെ ക്ളാസുകള്‍ 2015 സെപ്റ്റംബറില്‍ ആരംഭിക്കും. പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഐസിസി വിയന്നയുടെ വെബ്സൈറ്റില്‍ ലഭിക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി