ഒഐസിസി സൌദി നാഷണല്‍ കമ്മിറ്റി അപലപിച്ചു
Tuesday, June 16, 2015 5:58 AM IST
ജിദ്ദ: ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം നടത്തിയ ചടങ്ങിലുണ്ടായ അനിഷ്ട സംഭവങ്ങളെ ഒഐസിസി സൌദി നാഷണല്‍ കമ്മിറ്റി ശക്തമായി അപലപിച്ചു.

ഒരു സംഘടനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുവാന്‍ മറ്റുസംഘടനകള്‍ക്കു യാതൊരുവിധ അവകാശവും ഇല്ല. എന്നാല്‍ കെഎംസിസി ഈ സാമാന്യ മര്യാദയുടെ സകല അതിര്‍വരമ്പുകളും ഭേദിച്ചുകൊണ്ടു നടത്തിയ അഴിഞ്ഞാട്ടം സംസ്കാരശൂന്യമായിപ്പോയി എന്ന് ഒഐസിസി സൌദി നാഷണല്‍ കമ്മിറ്റി വിലയിരുത്തുന്നു.

ജനാധിപത്യ സമ്പ്രദായത്തില്‍ കേട്ടുകേഴ്വി പോലുമില്ലാത്ത ഈവിധ പ്രവര്‍ത്തനങ്ങള്‍ ഒട്ടും ആശാസ്യമല്ല. പ്രതിപക്ഷ ബഹുമാനത്തോടെ പ്രവര്‍ത്തിക്കേണ്ട സംഘടനകള്‍ നടത്തിയ ഈ പ്രാകൃത രോഷപ്രകടനം സ്വന്തം സംഘടയില്‍ മാത്രം പുറത്തെടുത്താല്‍ മതി.

മൂന്നു നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ ക്ഷമ പരിശോധിക്കുന്ന ഇത്തരം ഹീനപ്രവര്‍ത്തനങ്ങള്‍ മേലില്‍ ഈ കൂട്ടരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നു ഓര്‍മിപ്പിക്കുന്നു.

ബന്ധപ്പെട്ട സംഘടനകളുടെ സൌദി നേതൃത്വവും കേരള നേതൃത്വവും വിഷയത്തിന്റെ ഗൌരവം മനസിലാക്കി കീഴ്ഘടകങ്ങളെ നിലയ്ക്കുനിര്‍ത്തുമെന്നു നാഷണല്‍ കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.