ഫിഫയുമായുള്ള സഖ്യം ഇന്റര്‍പോള്‍ മരവിപ്പിച്ചു
Monday, June 15, 2015 8:16 AM IST
ബര്‍ലിന്‍: ഫുട്ബോള്‍ മത്സരങ്ങളിലെ ഒത്തുകളി തടയാന്‍ ഫിഫയുമായി ഒപ്പുവച്ചിരുന്ന കരാര്‍ ഇന്റര്‍പോള്‍ മരവിപ്പിച്ചു. ഫിഫയ്ക്കെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു തീരുമാനം.

ഇന്റര്‍പോളുമായുള്ള കരാറിന്റെ ഭാഗമായി ഫിഫ 2011 ല്‍ 14 മില്യന്‍ യൂറോ സംഭാവന ചെയ്തിരുന്നതാണ്. പത്തു വര്‍ഷത്തേക്കായിരുന്നു കരാര്‍. അനധികൃത വാതുവയ്പും അതിന്റെ ഭാഗമായോ അല്ലാതെയോ ഉള്ള ഒത്തുകളിയും തടയുകയായിരുന്നു ലക്ഷ്യം.

ഇന്റര്‍പോളിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനാണു ഫിഫയുമായുള്ള കരാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ഇന്റര്‍പോള്‍ മേധാവി യുര്‍ഗന്‍ സ്റോക് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍