ലണ്ടനിലെ അംബേദ്കര്‍ ഭവന്‍ ഇന്ത്യ ഏറ്റെടുത്തു
Monday, June 15, 2015 8:16 AM IST
ലണ്ടന്‍: ബി.ആര്‍. അംബേദ്കറുടെ പേരില്‍ ലണ്ടനിലുള്ള ഭവനം ഇന്ത്യ ഏറ്റെടുത്തു. 40 കോടി രൂപ നല്‍കിയാണു വടക്കന്‍ ലണ്ടനില്‍ 10 കിംഗ് ഹെന്‍ട്രി റോഡിലുള്ള ഭവനം മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഏറ്റെടുത്തത്. 1920 കളില്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ വിദ്യാര്‍ഥിയായിരിക്കേ അംബേദ്കര്‍ ഇവിടെയായിരുന്നു താമസിച്ചത്.

ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ അംബേദ്കറുടെ പേരില്‍ ചെയര്‍ സ്ഥാപിക്കാന്‍ അനുമതി തേടി മഹാരാഷ്ട്ര സാമൂഹികനീതി മന്ത്രി രാജ്കുമാര്‍ ബദോലെയുടെ നേതൃത്വത്തില്‍ അടുത്തിടെ ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ പഠിക്കുന്ന രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ് നല്‍കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്.

'ഡോ. ഭീംറാവു രാംജി അംബേദ്കര്‍, സാമൂഹികനീതിക്കുവേണ്ടി കുരിശുയുദ്ധം നയിച്ച ഇന്ത്യക്കാരന്‍' എന്ന ഫലകം പതിച്ച ഭവനം അറ്റകുറ്റപ്പണികള്‍ക്കുശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണു പദ്ധതി.

ലണ്ടന്‍ നഗരമധ്യത്തിലുള്ള മൂന്നുനില 2050 ചതുരശ്ര അടി കെട്ടിടം കഴിഞ്ഞ വര്‍ഷമാണ് വില്പനയ്ക്കു വച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ ഇതു സ്വന്തമാക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍