ഭീകരതയ്ക്കെതിരെ യോജിച്ചുള്ള മുന്നേറ്റം അനിവാര്യം: അസീസിയ മലയാളി സംഗമം
Monday, June 15, 2015 5:53 AM IST
റിയാദ്: ഭീകരതക്കെതിരേ മനുഷ്യമനസുകളെ ഒന്നിപ്പിച്ചു നിര്‍ത്തിക്കൊണ്ടുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും യുവാക്കളെയും വിദ്യാര്‍ഥികളെയും വഴി തെറ്റിക്കുന്ന ഭീകരസംഘങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കക്ഷി ഭേദമന്യേ സമൂഹം മുന്നോട്ടു വരണമെന്ന് റിയാദ് അസീസിയ കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ സംഘടിപ്പിച്ച 'ഭീകരതയ്ക്കെതിരേ' മലയാളിസംഗമം അഭിപ്രായപ്പെട്ടു.

ഭീകരതയും തീവ്രവാദവും ഏതെങ്കിലും മതവിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല. വിവിധ മതങ്ങളുടെ പേരില്‍ ദുര്‍ബല മനസുകളെ സംഘടിപ്പിച്ചുകൊണ്ടാണു ഭീകരസംഘങ്ങള്‍ ലോകത്തു പ്രവര്‍ത്തിക്കുന്നത്. സമാധാനമാഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരും അഭിപ്രായവ്യത്യാസങ്ങള്‍ക്കതീതമായി ഭീകരതയെ ചെറുക്കാന്‍ മുന്നോട്ടുവരേണ്ടതുണ്ട്. തൌഹീദിന്റെ അടിസ്ഥാനത്തില്‍ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം ലോകത്തിനു സമര്‍പ്പിക്കുകയും സമാധാനപരമായ ജീവിത സാഹചര്യം സൃഷ്ടിച്ചുകൊണ്ടു ലോകത്തിനു മാതൃകയാവുകയും ചെയ്തിട്ടുള്ള സൌദി അറേബ്യക്കെതിരെ ഐഎസ് ഭീകരവാദികളും യമനിലെ ഹൂതി വിമതരും നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.

അസീസിയ കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മേധാവി ഷെയ്ഖ് അബ്ദുള്‍ അസീസ് മുഹമ്മദ് അല്‍ശഅലാന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഷിഫാ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകന്‍ മുബാറക് സലഫി അധ്യക്ഷത വഹിച്ചു. 'ഹൂതി ഐഎസ്: ഇസ്ലാമിക നിലപാട്' എന്ന വിഷയം അസീസിയ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകന്‍ വി.പി. നൌഫല്‍ മദീനി അവതരിപ്പിച്ചു.

സുഫ്യാന്‍ അബ്ദുസലാം, മൌലവി ഷമീര്‍ മുണ്േടരി (ജുബൈല്‍), മുഹമ്മദ് റഫീഖ് സലഫി (ബുറൈദ), സി.പി. താജുദ്ദീന്‍ സലഫി (മറാത്ത്), മന്‍സൂര്‍ സലഫി (സാജര്‍) എന്നിവര്‍ പ്രസംഗിച്ചു. ശാനിദ് കോഴിക്കോട് സ്വാഗതവും ശനോജ് അരീക്കോട് നന്ദിയും പറഞ്ഞു.