ദോഹ: കടിച്ച കണ്ണിമാങ്ങ പരസ്പരം കൈമാറികഴിക്കുന്നതിലൂടെ ഉമിനീരില്‍ ചാലിച്ച സുദൃഢ ബന്ധമാണു മലപ്പുറത്തെ സൌഹാര്‍ദത്തിന്റെ ആണിക്കല്ലെന്നും ഈ കല്ലുകള്‍ ഇളക്കിമാറ്റാന്‍ ആരുശ്രമിച്ചാലും സാധ്യമല്ലെന്നും പ്രമുഖ എഴുത്തുകാരനും കഥാകൃത്തുമായ പി. സുരേന്ദ്രന്.
മലപ്പുറം ജില്ലയുടെ നാല്‍പ്പത്തിയാറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദോഹയില്‍ മലപ്പുറം ജില്ലാ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന് ഖത്തര്‍ (മംവാഖ്) സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വത്തിനെതിരെ പോരാടുമ്പോള്‍ സാമ്രാജ്യത്വ ഭാഷയെ ചെകുത്താന്റെ ഭാഷയായി കാണാന്‍ പ്രേരിപ്പിച്ചതിനാല്‍ സ്വാതന്ത്യ്രാനന്തര ഭാരതത്തില്‍ വലിയൊരു കാലഘട്ടത്തോളം മലപ്പുറം ജില്ല പിന്നോക്കമായിരുന്നു. എന്നാല്‍ മലപ്പുറത്തുകാരുടെ ആത്മാര്‍ഥതയും കര്‍മധീരതയും വിദ്യാഭ്യാസ- തൊഴില്‍ മേഖലകളിലേക്കു വഴിതിരിച്ചുവിട്ടപ്പോള്‍ മലപ്പുറത്തിന്റെ യശസ് വാനോളം ഉയര്‍ത്താന്‍ ജില്ലയ്ക്കു സാധിച്ചു എന്നതാണു സമകാലിക അനുഭവം.
മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഹല്ല് ശാക്തീകരണം പോലുള്ള ശാസ്ത്രീയ കര്‍മ്മപദ്ധതികള്‍ക്കു മംവാഖ് നേതൃത്വം നല്‍കുന്നതിലൂടെ വലിയൊരു സാസ്കാരിക വിപ്ളവമാണ് ജില്ലയിലുണ്ടാകാന് പോകുന്നതെന്നും ഓരോ മഹല്ല് കമ്മിറ്റികളും അവരുടെ മഹല്ലിലെ പള്ളികളുടെ ചരിത്രം രേഖപ്പെടുത്തിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മംവാഖ് പ്രസിഡന്റ് ഷംസുദ്ദീന് ഒളകര അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഹബീബുറഹ്്മന് കീഴിശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിവിധ സംഘടനാ നേതാക്കളായ കെഎംസിസി പ്രസിഡന്റ് എസ്എഎം ബഷീര്‍. ജനറല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ നാച്ചി, ഇന്‍കാസ് പ്രസിഡന്റ് കെ.കെ. ഉസ്മാന്, കരീം അബ്ദുള്ള, ജലീല്‍ സംസ്കൃതി, എ.വി. അബൂബക്കര്‍ ഖാസിമി, എ.പി. ഖലീല്‍, ഡോ. വണ്ടൂര്‍ അബൂബക്കര്‍, റഫീഖ് അഴിയൂര്‍, എന്‍.കെ.എം. ഷുക്കൂര്‍, മുഹമ്മദലി പേള്‍, യു. ഹുസൈയിന്‍ മുഹമ്മദ്, ഉസ്മാന് കല്ലന്, എം.ടി. നിലമ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.
സാസ്കാരിക സമ്മേളനത്തിനു മുന്നോടിയായി നടന്ന കലാപരിപാടികള്‍ക്കു മൂസക്കുട്ടി ഒളകര, കബീര്‍, സലീം നിലമ്പൂര്‍, അക്ബര്‍ മങ്കട, റൌഫ് കൊണ്േടാട്ടി, ജാബിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. നജാഫ് ഖുര്‍ആന്‍ പാരായണം നടത്തി. കോയ കൊണ്േടാട്ടി സ്വാഗതവും മുസ്തഫ കാവില്‍കുത്ത് നന്ദിയും പറഞ്ഞു. എന്‍.എ. റഹ്്മാന്‍ വാഴക്കാടും റിയാസ് കരിയാടും ഗാനങ്ങള്‍ ആലപിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളുടെ ഒപ്പനയും കോല്‍കളിയും സാംസ്കാരിക സമ്മേളനത്തിന്റെ മാറ്റുകൂട്ടി.
റിപ്പോര്‍ട്ട്: അമാനുള്ള വടക്കാങ്ങര