പെര്‍ത്ത് മലയാളി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തു
Sunday, June 14, 2015 8:39 AM IST
പെര്‍ത്ത്: പുതുതായി രൂപവത്കരിച്ച കലാ-സാംസ്കാരിക സംഘടനയായ മലയാളി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തക സമിതിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സൂരജ് ടോം ജേക്കബ് (പ്രസിഡന്റ്), ജി. ജയശങ്കര്‍ (വൈസ് പ്രസിഡന്റ്), ആദര്‍ശ് കാര്‍ത്തികേയന്‍ (സെക്രട്ടറി), ടിജു ജോര്‍ജ് സഖറിയ (ജോ. സെക്രട്ടറി) കെ.പി. ഷിബു (ട്രഷറര്‍), റെനി ലൂക്കോസ് (പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍), പ്രദീപ് നായര്‍, ലാല്‍ ജോര്‍ജ് (കലാ സാംസ്കാരിക വേദി കണ്‍വീനേഴ്സ്), രാജു പൈലി, സുധീഷ് നായര്‍, റോബിന്‍ ചാക്കോ (ഗുരുകുലം മാതൃഭാഷാ പഠനവേദി കണ്‍വീനേഴ്സ്), ജോസഫ് കടപ്പൂരാന്‍, കുഞ്ഞുമോന്‍, കെ.പി. ജോസഫ്, രാജീവ് ചന്ദ്രന്‍, ജോര്‍ജ് ചാണ്ടി (ഫുഡ് കമ്മിറ്റി കണ്‍വീനേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.

ജൂണ്‍ 13നു (ശനി) വെല്ലിട്ടണില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ പ്രവര്‍ത്തന പരിപാടികള്‍ അവലോകനം ചെയ്തു. ഓഗസ്റ് 23 ന് (ഞായര്‍) 11.30 മുതല്‍ 3.30 വരെ റോളിസ്റ്റൊന്‍ കമ്യൂണിറ്റി ഹാളില്‍ 'നാട്ടൊരുമ' എന്ന പേരില്‍ അഞ്ചു ഡോളറിന് പെര്‍ത്തിലെ മുഴുവന്‍ ആളുകള്‍ക്കും ജനകീയ ഓണസദ്യ നല്‍കുന്നതിനു യോഗത്തില്‍ തീരുമാനമായി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു കുട്ടികള്‍ക്കായി 'കേരളത്തെ അറിയുക' എന്ന വിഷയത്തില്‍ ക്വിസ് മത്സരവും 'എന്റെ കേരളം' എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരവും മലയാളം പ്രസംഗ മത്സരവും കവിതാപാരായണ മത്സരവും സംഘടിപ്പിക്കാനും തീരുമാനിച്ചു.

കേരളപിറവി ആഘോഷങ്ങള്‍ നവംബര്‍ എട്ടിനു(ഞായര്‍) വിപുലമായ പരിപാടികളോടെ ആഘോഷിക്കാനും യോഗത്തില്‍ തീരുമാനമായി.

റിപ്പോര്‍ട്ട്: കെ.പി. ഷിബു