ജര്‍മന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ സ്വവര്‍ഗ വിവാഹത്തിന് അനുകൂലം
Sunday, June 14, 2015 7:45 AM IST
ബര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ ബുണ്‍ടസ്റാറ്റ് സ്വവര്‍ഗ പ്രേമികള്‍ തമ്മിലുള്ള വിവാഹത്തിനും അവര്‍ക്കു കുട്ടികളെ ദത്തെടുക്കാനുള്ള അവകാശത്തിനും അനുകൂലമായി വോട്ട് ചെയ്തു.

അയര്‍ലന്‍ഡിലെ ഹിതപരിശോധനയില്‍ ജനങ്ങള്‍ സ്വവര്‍ഗ വിവാഹത്തിനു അനുകൂലമായി വിധിയെഴുതിയതോടെയാണു ജര്‍മനി അടക്കം പല രാജ്യങ്ങളിലും ഇതിന് അനുകൂലമായ നീക്കങ്ങള്‍ ശക്തിപ്രാപിച്ചത്.

ഉപരിസഭയുടെ ഹിതം വ്യക്തമായതോടെ സ്വവര്‍ഗ വിവാഹങ്ങള്‍ക്കു നിയമ സാധുത നല്‍കാന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു മേല്‍ സമ്മര്‍ദമേറുകയാണ്. എന്നാല്‍, അവരുടെ യാഥാസ്ഥിതിക പാര്‍ട്ടിയായ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ സ്വവര്‍ഗപ്രേമികള്‍ സിവില്‍ പാര്‍ട്ണര്‍ഷിപ്പുകളില്‍ ഏര്‍പ്പെടാനുള്ള അവകാശം മാത്രമാണ് ജര്‍മനിയില്‍ നിയമം മൂലം ഉറപ്പാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍