ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിനു കൊടിയേറി
Sunday, June 14, 2015 7:45 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിനും മുപ്പത്തിയഞ്ചാമത്തെ കൂട്ടായ്മ ദിനത്തിനും ജൂണ്‍ 13നു (ശനി) വൈകുന്നേരം അഞ്ചിനു തുടക്കംകുറിച്ചു.

ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ മുഖ്യകാര്‍മികത്വത്തില്‍ ഫാ. തോമസ് ചാലില്‍ സിഎംഐ, ഫാ. തോമസ് വടക്കേമുറിയില്‍, ഫാ. ജോമോന്‍ മുളയരിക്കല്‍ എന്നിവര്‍ സഹകാര്‍മികളായി നടന്ന ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം നടപ്പുവര്‍ഷത്തെ പ്രസുദേന്തി ജോസ് മറ്റത്തില്‍ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍പ്രസുദേന്തിമാരുടെ അകമ്പടിയില്‍ പള്ളിയില്‍നിന്നു പ്രദക്ഷിണമായി എത്തിയാണു കൊടിയേറ്റിയത്. തിരുക്കര്‍മങ്ങള്‍ക്കു ജോയല്‍ കുമ്പിളുവേലില്‍, നോയല്‍, നോബല്‍ കോയിക്കേരില്‍, സണ്ണി വെള്ളൂര്‍ എന്നിവര്‍ ശുശ്രൂഷികളായിരുന്നു. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍.

പ്രധാന തിരുനാള്‍ ദിനമായ ജൂണ്‍ 14 നു (ഞായര്‍) രാവിലെ 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. പ്രസംഗം (ഡീക്കന്‍ ഹാന്‍സ് ഗേര്‍ഡ് ഗ്രേവല്‍ഡിംഗ്) പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം, ലോട്ടറി നറുക്കെടുപ്പ് എന്നിവ നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന കലാപരിപാടികളോടെ സമാപന സമ്മേളനം തുടങ്ങും. വൈകുന്നേരം നടക്കുന്ന കൊടിയിറക്കോടുകൂടി തിരുനാള്‍ സമാപിക്കും.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുള്‍പ്പടെ നൂറ്റിമുപ്പതോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികള്‍ക്കൊള്‍പ്പം കണ്ണൂര്‍, പേരാവൂര്‍ സ്വദേശി ജോസ് മറ്റത്തില്‍, ഭാര്യ അച്ചാമ്മ. അനിജ, അജിന പ്രവര്‍ത്തിക്കുന്നു.

ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാളിന്റെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്. ഏതാണ്ട് എഴുനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ ചാപ്ളെയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ പതിനാലു വര്‍ഷമായി സേവനം അനുഷ്ടിക്കുന്നു.

റിപ്പോര്‍ട്ട്; ജോസ് കുമ്പിളുവേലില്‍