വിപുലമായ റമദാന്‍ റിലീഫ് പരിപാടികളുമായി വാഴക്കാട് വെല്‍ഫയര്‍ സെന്റര്‍
Sunday, June 14, 2015 7:38 AM IST
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ വാഴക്കാട് നിവാസികളുടെ കൂട്ടായ്മയായ ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ റമദാന്‍ റിലീഫിന്റെ ഭാഗമായി വിപുലമായ റിലീഫ് പരിപാടികള്‍ക്കു രൂപം നല്‍കി.

റോസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് ടി.കെ. ഷബീര്‍ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ നിര്‍ധനര്‍ക്കു മാസം തോറും നല്‍കി വരുന്ന പെന്‍ഷന്‍ പദ്ധതി കൂടുതല്‍ ആളുകള്‍ക്ക് എത്തിക്കാനും കിഡ്നി രോഗികള്‍ക്കു നല്‍കി വരുന്ന പ്രതിമാസ സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. കൂടാതെ രോഗികള്‍, വിദ്യാഭ്യാസം, വീട് നിര്‍മാണം, വിവാഹ ധനസഹായം, നിത്യവൃത്തി, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ മേഖലകളില്‍ 18 ലക്ഷം രൂപയുടെ സഹായം എത്തിക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നിര്‍ധനരായ കുട്ടികള്‍ക്കു പെരുന്നാള്‍ വസ്ത്രം നല്‍കാനും ഫിത്വര്‍ സക്കാത്ത് സമാഹരിച്ച് അര്‍ഹരായവര്‍ക്കു ലേബര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.

പത്താം ക്ളാസ് പരീക്ഷയില്‍ മികച്ച വിജയം നേടി പ്രദേശത്തിന് അഭിമാനമായ ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥി മുഹനദ് ഉബൈദ് സൈദിന് വെല്‍ഫെയര്‍ സെന്ററിന്റെ ഉപഹാരം ടി.കെ.കെ. ഹസന്‍ സമ്മാനിച്ചു. മുജീബ് കളത്തില്‍ അനുമോദന പ്രസംഗം നിര്‍വഹിച്ചു. റിലീഫ് കമ്മിറ്റി അംഗങ്ങളായി ടി.കെ.കെ. ഹസന്‍ (ജനറല്‍ കണ്‍വീനര്‍) പി.സി.എ. കരീം (ജോ. കണ്‍വീനര്‍) ബി.കെ. കുഞ്ഞുമുഹമ്മദ്, കെ.വി.എ. ജബാര്‍, ജാവിഷ് അഹ്മദ്, അനീസ് മധുരക്കുഴി, മുജീബ് കളത്തില്‍ എന്നിവരെ തെരഞ്ഞെടുത്തു. ഷംസീര്‍ വാഴക്കാട് സ്വാഗതവും ടി.കെ. ഷാഹിര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം