കേളി തുണയായി; ദുരിതങ്ങള്‍ക്കൊടുവില്‍ ബലകൃഷ്ണന്‍ നാടണഞ്ഞു
Sunday, June 14, 2015 7:37 AM IST
റിയാദ്: മരുഭൂമിയില്‍ ഒട്ടകങ്ങളെയും ആടുകളെയും പരിപാലിക്കാന്‍ നിയോഗിക്കപ്പെട്ട കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനു ഏറെ ദുരിതങ്ങള്‍ക്കൊടുവില്‍ നാടണയാന്‍ കേളി തുണയായി.

ഒരു വര്‍ഷം മുന്‍പാണ് ബാലകൃഷ്ണന്‍ വ്യാപാര സ്ഥാപനത്തിലേക്കുള്ള വീസയില്‍ സൌദിയിലെത്തുന്നത്. എന്നാല്‍, മരുഭൂമിയില്‍ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിക്കുന്ന ജോലിയാണു ബാലകൃഷ്ണനു ചെയ്യേണ്ടണ്ടിവന്നത്. പരിചയം ഒട്ടുമില്ലാത്ത ജോലിയും ആവശ്യത്തിനു ഭക്ഷണമോ താമസസൌകര്യമോ കൃത്യമായി ശമ്പളമോ ലഭിക്കാതെയും ഏറെ വിഷമത്തിലായിരുന്നു ബാലകൃഷ്ണന്‍. ഈ അവസ്ഥയിലാണു ദുരിതക്കയത്തില്‍നിന്നു മോചനം നേടി ഏതു വിധേനയും നാട്ടിലേക്ക് തിരിച്ചുപോകാന്‍ സഹായം അഭ്യര്‍ഥിച്ച് കേളി നസീം ഏരിയ ജീവകാരുണ്യ പ്രവര്‍ത്തകരായ ഗോപിനാഥന്‍, ബാബു എന്നിവരെ ബന്ധപ്പെടുന്നത്. 

ബാലകൃഷ്ണന്റെ അവസ്ഥ മനസിലാക്കിയ കേളി ജീവകാരുണ്യ പ്രവര്‍ത്തകര്‍ എംബസിയുടെ സഹായത്തോടെ ബാലകൃഷ്ണനു നാട്ടിലേക്കു തിരിച്ചുപോകാനുള്ള യാത്രാരേഖകള്‍ ശരിയാക്കുകയും വിമാന ടിക്കറ്റിനുള്ള പണം സ്വരൂപിച്ചു നല്‍കുകയും ചെയ്തു.

കേളി നസിം ഏരിയയില്‍ നടന്ന ചടങ്ങില്‍ ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം, പ്രസിഡന്റ് ഹനീഫ, ശശിധരന്‍, മധു എന്നിവര്‍ ചേര്‍ന്ന് ബാലകൃഷ്ണനു വിമാന ടിക്കറ്റ് കൈമാറി. നാട്ടില്‍ ഭാര്യയും മൂന്നു പെണ്‍മക്കളുമടങ്ങുന്ന നിര്‍ധന കുടുംബമാണു ബാലകൃഷ്ണന്റേത്. നാട്ടിലേക്കു തിരിച്ചുപോകാന്‍ സഹായിച്ച കേളി നസീം ഏരിയ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം ബാലകൃഷ്ണന്‍ നാട്ടിലേക്കു മടങ്ങി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍