ഐഎസ്സി ഖുറാന്‍ പാരായണമത്സരത്തിനു ജൂണ്‍ 24നു തുടക്കം
Friday, June 12, 2015 5:36 AM IST
അബുദാബി: പത്തു ദിവസങ്ങള്‍ നീളുന്ന ഖുറാന്‍ പാരായണമത്സരങ്ങള്‍ക്ക് 24നു തുടക്കം കുറിക്കുമെന്ന് ഇന്ത്യ സോഷ്യല്‍ സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

യുഎഇ മതകാര്യ വിഭാഗമായ അവ്ഖാഫിന്റെ മേല്‍നോട്ടത്തില്‍, രാഷ്ട്രപിതാവ് ഷെയ്ഖ് സായദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണു മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രാത്രി 10 നാണു മത്സരങ്ങള്‍ ആരംഭിക്കുക. അഞ്ചു വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ യുഎയില്‍ റെസിഡന്റ് വീസയുള്ള 30 വയസില്‍ താഴെയുള്ള പുരുഷന്മാര്‍ക്കാണു മത്സരിക്കാന്‍ യോഗ്യതയുള്ളത്. ഇന്ത്യക്കാര്‍ക്കു പുറമേ ഏതു രാജ്യക്കാര്‍ക്കും മത്സരിക്കാന്‍ സാധിക്കുമെന്നു പ്രസിഡന്റ് രമേശ് പണിക്കര്‍ അറിയിച്ചു.

ആദ്യം രജിസ്റര്‍ ചെയ്യുന്ന 80 പേര്‍ക്ക് മാത്രമേ മത്സരിക്കാനാവൂ. 20നു മുമ്പ് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

അവ്ഖാഫിന്റെ അംഗീകാരമുള്ള വിധിനിര്‍ണയ സമിതിയാണു വിജയികളെ തെരഞ്ഞെടുക്കുക. എല്ലാ വിഭാഗങ്ങളിലുമായി ഒരു ലക്ഷത്തോളം ദിര്‍ഹം സമ്മാനമായി വിജയികള്‍ക്കു ലഭിക്കും.

ഷെയ്ഖ് സായദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഐഎസ്സിയില്‍ ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കും. ഇഫ്താര്‍ വിരുന്നും 24നു നടക്കും.

ജനറല്‍സെക്രട്ടറി എം.എ. അബ്ദുള്‍ സലാം, ഭാരവാഹികളായ ഗോഡ്ഫ്രെ ആന്റണി, പി. റഫീക്ക് കയനിയില്‍, മുഹമ്മദ് മുഹ്സിന്‍, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, അവ്ഖാഫ് പ്രതിനിധികളായ അബ്ദുള്‍ നാസര്‍ മുഹമ്മദ് യുസഫ് അല്‍ ഷെഹി, അബ്ദുള്ള ഹസന്‍ അല്‍ ഖൂറി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള