കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര ഹബ്ബായി ഉയര്‍ത്തണം: കിയോസ്
Friday, June 12, 2015 4:55 AM IST
റിയാദ്: പ്രവാസികളുടെ ചിരകാല സ്വപ്നമായ കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര ഹബ്ബായി ഉയര്‍ത്തണമെന്നു കണ്ണൂര്‍ എക്സ്പാട്രിയേറ്റ്സ് അസോസിയേഷന്‍ (കിയോസ്) നാലാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വിദേശ വിമാന കമ്പനികളുടെ വിമാനങ്ങള്‍കൂടി ഇറങ്ങത്തക്ക വിധത്തില്‍ ഏറ്റവും വലിയ റണ്‍വേയുള്ള കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര ഹബ്ബായി മാറാന്‍ എല്ലാ യോഗ്യതയുമുള്ളതാണ്. കരട് വ്യോമയാന നയമനുസരിച്ച് മുംബൈ, ചെന്നൈ, ഡല്‍ഹി, കോല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങള്‍ മാത്രമാണു രാജ്യാന്തര ഹബ്ബായി മാറുക. ഈ പട്ടികയില്‍ കണ്ണൂര്‍ വിമാനത്താവളത്തെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ വേണം. കണ്ണൂരില്‍ വിമാനത്താവളം തുറക്കുന്നതോടെ ടൂറിസം, ഐടി, ടെക്സ്റൈല്‍, കാര്‍ഷികോത്പന്ന സംസ്കരണം, ഹെല്‍ത്ത്കെയര്‍, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള സാധ്യതകളാണ് മലബാറിനുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ബത്ഹയിലെ ക്ളാസിക് ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ എന്‍.കെ. സൂരജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കിംഗ് സഊദ് യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. അബ്ദുസലാം ഉദ്ഘാടനം ചെയ്തു.

ജനറല്‍ കണ്‍വീനര്‍ പി.വി. അബ്ദുറഹ്മാന്‍ സ്വാഗതം ആശംസിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി പൂക്കോയ തങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോയിന്റ്് കണ്‍വീനര്‍ ജയദേവന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. നസീര്‍ മുതുകുറ്റി കണ്ണൂര്‍ വിമാനത്താവളം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസര്‍ യു.പി. മുസ്തഫയുടെ നിയന്ത്രണത്തില്‍ ഭരണസമിതി തെരഞ്ഞെടുപ്പു നടന്നു. ടി.പി മുഹമ്മദ് (മുഖ്യ രക്ഷാധികാരി), എന്‍.കെ. സൂരജ് (ചെയര്‍), മൊയ്തു അറ്റ്ലസ്, ജയദേവന്‍, പി.വി. നസീര്‍ (വൈ. ചെയര്‍), പൂക്കോയ തങ്ങള്‍ (ജന. കണ്‍), പി.വി. അബ്ദുറഹ്മാന്‍ (ഓര്‍ഗ. സെക്ര), ഹാഷിം നീര്‍വേലി, അനില്‍ കുമാര്‍, ഇസ്മാഈല്‍ (ജോ. കണ്‍വീനര്‍), ടി.എം. ഷാക്കിര്‍ (ട്രഷറര്‍) എന്നിവരടങ്ങിയ 36 അംഗ ഭരണസമിതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വി.കെ. മുഹമ്മദ്, രഘുനാഥ് പറശിനിക്കടവ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. അനില്‍കുമാര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍