ജര്‍മന്‍ താരം സമി ഖേദിര യുവന്റസില്‍
Thursday, June 11, 2015 8:17 AM IST
ബര്‍ലിന്‍: 2014 ലെ ഫിഫാ ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മനിയുടെ മിഡ്ഫീല്‍ഡര്‍ സമി ഖേദിര അടുത്ത സീസണ്‍ മുതല്‍ ഇറ്റലിയിലെ ടൂറിന്‍ യുവന്റസിനു വേണ്ടി ജേഴ്സിയണിയും.

റയല്‍ മാഡ്രിഡുമായിട്ടുള്ള കരാര്‍ കാലാവധി ഈ സീസണില്‍ അവസാനിരിക്കെയാണു ജര്‍മന്‍ ദേശീയ ടീമിലെ അംഗമായ ഇരുപത്തിയെട്ടുകാരന്‍ ഖേദിരയുടെ പുതിയ വെളിപ്പെടുത്തല്‍. യുവന്റസില്‍ ചേരുന്ന എട്ടാമത്തെ ജര്‍മന്‍ കളിക്കാരനാണു ഖേദിര.

പോയ വര്‍ഷത്തെ വേള്‍ഡ് കപ്പിനു പുറമെ 54 തവണ ജര്‍മനിക്കുവേണ്ടി പൊരുതിയ ഖേദിര മൊറോക്കോ വംശജനാണ്. 2013/14 സീസണില്‍ യുവേഫ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനുവേണ്ടി മല്‍സരത്തിനിറങ്ങിയ ഖേദിര പരിക്കിനെ തുടര്‍ന്ന് ഇത്തവണ ടീമിനു പുറത്തായിരുന്നു.

ജര്‍മന്‍ ലീഗിലെ (2007) ചാമ്പ്യന്മാരായ വിഎഫ്ബി സ്റുട്ട്ഗാര്‍ട്ട് ടീമില്‍ അംഗമായിരിക്കെയാണ് 2010 ല്‍ ഖേദിര റയല്‍ മാഡ്രിഡില്‍ ചേക്കേറുന്നത്.

യൂറോപ്പിലെ തന്നെ കഴിവുറ്റ മിഡ്ഫീല്‍ഡറായ ഖേദിരയുടെ യുവന്റസുമായിട്ടുള്ള പുതിയ കരാര്‍ കാലാവധി 2019 ജൂണ്‍ 30 വരെയാണ്. ഖേദിരയുടെ യുവന്റസിലേക്കുള്ള മാറ്റം ഫ്രീ ട്രാന്‍സ്ഫറാണ്. സീസണിലെ യുവേഫ റണ്ണേഴ്സ് അപ്പാണു യുവന്റസ്. നാല് മില്യന്‍ യൂറോയാണു ഖേദിരയ്ക്ക് ലഭിക്കുന്ന ഫ്രതിഫലം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍