വിമാനത്താവള സുരക്ഷ: ജര്‍മനിക്കെതിരേ ഇയു അന്വേഷണം
Saturday, May 30, 2015 8:08 AM IST
ബര്‍ലിന്‍: യൂറോപ്പിലെ മുന്തിയ സാമ്പത്തിക രാജ്യമായ ജര്‍മനിയിലെ എയര്‍പോര്‍ട്ടുകളില്‍ സെക്യൂരിറ്റി സംവിധാനങ്ങളില്‍ വീഴ്ചയുണ്ടായതായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ വെളിപ്പെടുത്തുന്നു.

എയര്‍പോര്‍ട്ട് സെക്യൂരിറ്റിയെ സംബന്ധിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ അതേപടി നടപ്പിലാക്കാന്‍ ജര്‍മനി പരാജയപ്പെട്ടുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. യാത്രക്കാരില്‍ കര്‍ശനമായ ചെക്കിംഗ് ഫലപ്രദമാക്കാന്‍ ജര്‍മനിക്കു കഴിഞ്ഞില്ലെന്നാണ് കമ്മിഷന്‍ ആരോപിക്കുന്നത്.

വിമാനത്താവളങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചിത ഇടവേളകളില്‍ ശരിയായി പരിശോധിക്കാന്‍ ജര്‍മനി തുനിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് യൂറോപ്യന്‍ കമ്മിഷന്‍ അന്വേഷണം നടത്തുന്നത്. ഇക്കാര്യത്തില്‍ ജര്‍മനി യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് വ്യക്തമായതായി കമ്മിഷന്‍ വെളിപ്പെടുത്തി. വിഷയം യൂറോപ്യന്‍ യൂണിയന്‍ കോര്‍ട്ട് ഓഫ് ജസ്റീസ് ആയിരിക്കും പരിഗണിക്കുക.

എന്നാല്‍, ജര്‍മനി സ്വീകരിച്ചിരിക്കുന്ന സുരക്ഷാ നടപടികള്‍ അപര്യാപ്തമാണെന്ന് ഇതിനര്‍ഥമില്ല. കാലാകാലങ്ങളില്‍ ഇതിന്റെ പരിശോധന നടത്തുന്നതില്‍ മാത്രമാണ് വീഴ്ച വരുത്തിയിട്ടുള്ളതെന്നും വിശദീകരണം. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്‍പ് പലവട്ടം ജര്‍മനിക്ക് നിര്‍ദേശം നല്‍കിയിരുന്നതുമാണ്. എന്തായിലും ജര്‍മനിയില്‍ നിന്നു പറക്കുന്ന യാത്രക്കാര്‍ക്ക് വേണ്ടത്ര ചെക്കിംഗ് ഇല്ലെന്നുള്ള കാര്യം പണ്ടേതന്നെ യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍