ഡെര്‍ബിയില്‍ ഏകദിന ശിബിരം സംഘടിപ്പിച്ചു
Saturday, May 30, 2015 6:13 AM IST
ഡെര്‍ബി (ലണ്ടന്‍): നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദൂ ഹെറിട്ടേജ് യുകെയുടെ ആഭിമുഖ്യത്തില്‍ രണ്ടാം ഹിന്ദു സമാജ സംഗമം മേയ് 23നു (ശനി) ഡര്‍ബി ഗീതാഭവന്‍ ക്ഷേത്രത്തില്‍ തുടക്കം കുറിച്ചു. ബ്രഹ്മകുമാരീസ് ആധ്യാത്മിക സര്‍വകലാശാലയിലെ ലതാജി നിലവിളക്കു തെളിച്ച് ശിബിരം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സുരേഷ് ശങ്കരന്‍കുട്ടി, ജനറല്‍ സെക്രട്ടറി അജിത് നായര്‍, വിശിഷ്ടാതിഥി പി.കെ. പണിക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സുരേഷ് ശങ്കരന്‍കുട്ടി ഉത്തിഷ്ടത ജാഗ്രത, ഉദ്ധരേതു ആത്മന ആത്മാനം എന്നിവയെക്കുറിച്ച് വിശദമായ ദൃഷ്ടാന്തങ്ങളോടുകൂടി സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി അജിത് നായര്‍, പി.കെ. പണിക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വാമി ഉദിത് ചൈതന്യ ടെലികോണ്‍ഫറന്‍സിലൂടെ സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. രക്ഷാധികാരി ഡോ. എന്‍. ഗോപാലകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മേളനത്തില്‍ പങ്കെടുത്തവരുമായി സംവദിച്ചു.

ധ്യാന നിഷ്ഠ ദൈന്യംദിന ജീവിതത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി ബ്രഹ്മകുമാരീസ് ആധ്യാത്മിക സര്‍വകലാശാലയിലെ ലതാജി ശില്‍പ്പശാലക്കു നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന ക്ളാസുകളിലും ചര്‍ച്ചകളിലും നിരവധി പ്രഗത്ഭര്‍ പങ്കെടുത്തു.

പ്രമുഖ ഹിന്ദു സ്മാജ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഭാരതീയ ഹൈന്ദവ സംസ്കാരത്തെ ആസ്പദമാക്കി രൂപം കൊടുത്ത പ്രശ്നോത്തരി മത്സരത്തിനു വിപിന്‍, രവി നായര്‍, അജിത് എന്നിവര്‍ നേതൃത്വം നല്‍കി. വിഞ്ജാന പ്രദമായ പ്രശ്നോത്തരി മത്സരം പ്രേക്ഷകരില്‍ കൌതുകം ഉണര്‍ത്തി. തുടര്‍ന്നു ഭക്തിസാന്ദ്രമായ ഭജന, കുട്ടികളുടെ കലാപരിപാടികള്‍, നൃത്തം, ഗാനമേള തുടങ്ങിയവ അരങ്ങേറി.

സമാപന സമ്മേളനത്തില്‍ വോളന്റിയേഴ്സിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രതിഭകള്‍ക്കുള്ള പുരസ്കാരങ്ങള്‍ എന്നിവ വിതരണം ചെയ്തു. നാഷണല്‍ കൌണ്‍സിലില്‍ അംഗങ്ങളായ സമാജങ്ങളുടെ അംഗത്വ സര്‍ട്ടിഫിക്കറ്റ്, ചെയര്‍മാന്‍ സുരേഷ് ശങ്കരന്‍ കുട്ടി വിതരണം ചെയ്തു. നാഷണല്‍ കൌണ്‍സിലിന്റെ ഏറ്റവും നല്ല പ്രവര്‍ത്തകനുള്ള അവാര്‍ഡ് സദാനന്ദന്‍ ദിവാകരനു നല്‍കി ആദരിച്ചു. സജിത് റോഷ്, സോന ഷിബു എന്നിവര്‍ അവതാരകരായിരുന്നു.

റിപ്പോര്‍ട്ട്: പ്രമോദ് കുമാര്‍