ലോകത്തെ ആദ്യകൊലപാതകം 4,30,000 വര്‍ഷങ്ങള്‍ക്കു മുമ്പ്
Saturday, May 30, 2015 6:11 AM IST
മാഡ്രിഡ് (സ്പെയിന്‍): ലോകത്തെ ആദ്യ കൊലപാതകം നടന്നത് 4,30,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് ശാസ്ത്രലോകം വെളിപ്പെടുത്തി. അന്നു നടന്നത് ഒരു കൂട്ടക്കൊലയായിരുന്നു. 28 പേരെ ആരൊക്കെയോ കൊന്നുതള്ളിയെന്നാണ് കണ്െടത്തിയത്. അന്നത്തെ കൊലപാതകത്തിന്റ അവശിഷ്ടങ്ങളും വ്യക്തമായ പല തെളിവുകളും സ്പെയിനില്‍ ഗവേഷകര്‍ കണ്െടത്തി. അതോടൊപ്പം ഏറ്റവും പുരാതനമായ സംസ്കാര രീതികളും ശാസ്ത്രജ്ഞര്‍ക്കു മനസിലായി.

ബിങ്ങാംടണ്‍ സര്‍വകലാശാലയിലെ നരവംശശാസ്ത്രജ്ഞന്‍ റോള്‍ഫ് ക്വാം നേതൃത്വം നല്‍കുന്ന അന്തര്‍ദേശിയ ശാസ്ത്രകാരന്മാരുടെ ഒരു സംഘമാണ് വടക്കന്‍ സ്പെയിനിലെ സിമാ ഡി ലോസ് ഹ്യുസോസില്‍ ഗവേഷണം നടത്തി വരുന്നത്. ഭൂമിക്കടിയില്‍ ഗുഹയോടു സാമ്യമുള്ള ഒരു ശവക്കുഴിയില്‍ നിന്നും 4,30,000 വര്‍ഷം പഴക്കമുള്ള 28 പേരുടെ അസ്ഥികൂടങ്ങളാണ് ഗവേഷണ ശാസ്ത്രജ്ഞര്‍ കണ്െടത്തിയത്. ശിലായുഗ കാലഘട്ടത്തിലേതാണ് ഈ അസ്ഥികളെന്നാണ് അനുമാനം. പതിമൂന്ന് മീറ്റര്‍ മാത്രം ആഴവും പ്രത്യേക ചെരിവുമുള്ള കുഴിയില്‍ മൃതദേഹങ്ങള്‍ എങ്ങനെയെത്തിയെന്നു ഇവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ചില തലയോട്ടികള്‍ പൂര്‍ണമായും കണ്െടടുക്കാനായി. ഇവയിലൊന്നില്‍ നടുനെറ്റിയിലും കണ്ണിന്റെ ഭാഗത്തും ആഴത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. ഒരേ ആയുധംകൊണ്ട് രണ്ടുതവണ ആക്രമിച്ച പാടുകളാണിതെന്ന് ആധുനികോപകരണങ്ങളുടെ സഹായത്തോടെ ഗവേഷകര്‍ക്കു ബോധ്യപ്പെട്ടു.

മൃതദേഹങ്ങള്‍ ഈ സ്ഥലത്തെത്തിച്ചത് മനുഷ്യര്‍തന്നെയെന്ന് കരുതുന്നു. ഗുഹയുടെ മുകള്‍ഭാഗത്ത് മൃതദേഹങ്ങള്‍ എത്തിച്ച് ഗുഹയിലേക്കു തള്ളിയിട്ടതാകാം. ഇന്നത്തെ ശ്മശാനങ്ങള്‍പോലെ ഒരു നിശ്ചിത സ്ഥലത്ത് മൃതശരീങ്ങള്‍ പണ്ടുകാലം മുതലേ മനുഷ്യന്‍ അടക്കം ചെയ്തിരുന്നുവെന്നതിന്റെ ഒരു തെളിവാണ് ഈ പുതിയ കണ്െടത്തല്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍