ബ്രിട്ടനില്‍ ട്രേഡ് യൂണിയനുകള്‍ക്കു കടിഞ്ഞാണിടാന്‍ നിയമം വരുന്നു
Saturday, May 30, 2015 2:47 AM IST
ലണ്ടന്‍: ട്രേഡ് യൂണിയന്‍ സമരങ്ങള്‍ക്കു കര്‍ക്കശ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമ നിര്‍മാണം ബ്രിട്ടീഷ് സര്‍ക്കാരിന്റെ പരിഗണനയില്‍. ബിസിനസ് സെക്രട്ടറി സാജിദ് ജാവിദിനെയാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

വെട്ടിക്കുറയ്ക്കലുകള്‍ക്കെതിരായ പണിമുടക്കുകള്‍ പൂര്‍ണമായി നിരോധിക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ലേബര്‍ സര്‍ക്കാര്‍ നടപ്പാക്കിയ അമ്പതു മില്യന്‍ പൌണ്ടിന്റെ ഫണ്ടിങ് റദ്ദാക്കാനും പുതിയ സര്‍ക്കാര്‍ ആലോചിക്കുന്നു. ട്രേഡ് യൂണിയനുകള്‍ ലേബര്‍ പാര്‍ട്ടിക്ക് പണം നല്‍കുന്ന വിധത്തിലുള്ള സംവിധാനമാണിത്. 2010 മുതല്‍ ലേബര്‍ പാര്‍ട്ടിയുടെ ഫണ്ടിങ്ങില്‍ പകുതിയും വരുന്നത് ഇത്തരത്തിലാണ്.

സുപ്രധാന മേഖലകളില്‍ സമരം നടത്താന്‍ കുറഞ്ഞത് നാല്‍പ്പതു ശതമാനം ജീവനക്കാരെങ്കിലും വോട്ട് ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കും. ഇതില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ സമരം അനുവദിക്കൂ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലി