യദുവീര്‍ ഇനി യുവരാജാവ്; ആനന്ദലഹരിയില്‍ മൈസൂരു
Thursday, May 28, 2015 1:48 PM IST
മൈസൂരു: മൈസൂരുവിലെ വൊഡയാര്‍ രാജകുടുംബത്തിന്റെ 27-ാമത്തെ രാജാവായി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ അധികാരമേറ്റു. ചരിത്രപ്രസിദ്ധമായ അംബവിലാസ് കൊട്ടാരത്തില്‍ ഇന്നലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലാണു കിരീടധാരണ ചടങ്ങ് നടന്നത്. നാലു പതിറ്റാണ്ടിനു ശേഷമാണു കൊട്ടാരത്തിലെ കല്യാണമണ്ഡപം ഒരു കിരീടധാരണ ചടങ്ങിനു വേദിയാകുന്നത്. പുലര്‍ച്ചെ 4.30നു ചടങ്ങുകള്‍ ആരംഭിച്ചു. കൊട്ടാരത്തിലെ 16 ക്ഷേത്രങ്ങളടക്കം മൈസൂരുവിലെ 26 ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടന്നു.

രാവിലെ കൊട്ടാരത്തിലെ ഗണേശ ക്ഷേത്രത്തിലെ പ്രത്യേക പൂജയ്ക്കു ശേഷം 9.40ന് യദുവീര്‍ ദര്‍ബാര്‍ ഹാളില്‍ രാജാസനമായ വെള്ളി കൊണ്ടുള്ള ഭദ്രാസനത്തില്‍ ഉപവിഷ്ഠനായി. രാജ്ഞി പ്രമോദ ദേവിയാണു യദുവീറിനെ സിംഹാസനത്തിലേക്ക് ആനയിച്ചത്. തുടര്‍ന്ന് 10.04നു രാജഗുരുക്കന്മാരായ ജനാര്‍ദന്‍ അയ്യങ്കാര്‍, ഷാമ ജോയിസ് എന്നിവര്‍ ചേര്‍ന്നു മൈസൂരു രാജകുടുംബത്തിന്റെ രാജകീയ ചിഹ്നമായ ഗന്ധഭേരുന്ദ കൊരുത്ത സ്വര്‍ണമാല യുവരാജാവിന്റെ നെറ്റിയില്‍ ചാര്‍ത്തി.

നാല്പതു പുരോഹിതരാണു കിരീടധാരണ ചടങ്ങിനു നേതൃത്വം നല്കിയത്. നെഞ്ചംകോട്, ശൃംഗേരി, മെല്‍ക്കോട്ടെ, ചാമുണ്ഡി ഹില്‍ തുടങ്ങിയ 26 ക്ഷേത്രങ്ങളിലെയും പൂജാരിമാര്‍ യദുവീറിന്റെയും പ്രമോദ ദേവിയുടെയും പേരില്‍ കഴിച്ച അര്‍ച്ചനകളുടെ പ്രസാദം യുവരാജാവിനു സമര്‍പ്പിച്ചു. ചടങ്ങുകള്‍ നടക്കുന്നതിനിടെ കൊട്ടാരത്തിലെ ബാന്‍ഡ് കൊട്ടാരത്തിന്റെ ദേശീയ ഗാനം ആലപിച്ചു.

മൈസൂരു രാജ്യത്തിന്റെ അവസാന രാജാവായിരുന്ന ജയചാമരാജ വൊഡയാര്‍ രചിച്ച ‘കായോ ശ്രീ ഗൌരീ’ എന്ന ഗാനവും ബാന്‍ഡ് ആലപിച്ചു. വൊഡയാര്‍ രാജാക്കന്മാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന വാളും രാജകീയ മുദ്രയും യദുവീര്‍ ഏറ്റുവാങ്ങിയതോടെയാണു കിരീടധാരണചടങ്ങ് പൂര്‍ത്തിയായത്. ചടങ്ങിനു മുന്നോടിയായി ബുധനാഴ്ച പ്രത്യേക പൂജകളും നടത്തിയിരുന്നു.

വൈകുന്നേരത്തോടെ പുതിയ രാജാവ് ജനങ്ങളെ അഭിസംബോധനചെയ്തു. കാലാള്‍പ്പടയുടെയും അശ്വാരൂഢസേനയുടെയും ആനകളുടെയും അകമ്പടിയോടെയാണു യുവരാജാവ് യദുവീര്‍ തന്റെ ആദ്യ ദര്‍ബാറിനെത്തിയത്. കൊട്ടാരത്തിനു മുന്നില്‍ ഒരുക്കിയ വേദിയില്‍ ദസറ ആഘോഷത്തിനു സമാനമായ രീതിയില്‍ നടന്ന ദര്‍ബാറില്‍ മൈസൂരുവിലെ പ്രജകള്‍ യുവരാജാവിന്റെ മുഖം ദര്‍ശിച്ചു.