കേളി ഇന്റര്‍നാഷണല്‍ കലാമേള: സപ്ത രാമനു കലാതിലകപ്പട്ടം
Thursday, May 28, 2015 8:23 AM IST
ഡബ്ളിന്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന 12-ാമത് കേളി ഇന്റര്‍നാഷണല്‍ കലാമേളയില്‍ കലാ മാമാങ്കത്തിന്റെ ഏറ്റവും വലിയ ബഹുമതിയായ സൂര്യ ഇന്ത്യ കലാതിലകപ്പട്ടം രണ്ടാം തവണയും അയര്‍ലന്‍ഡിലെ സപ്ത രാമന്‍ കരസ്ഥമാക്കി.

മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം, പ്രസംഗം എന്നിവയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു സപ്ത രാമനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

പങ്കെടുത്ത എല്ലാ ഇനത്തിലും മികച്ച പ്രകടനമാണു സപ്ത കാഴ്ചവച്ചതെന്നു ജഡ്ജിംഗ് പാനല്‍ പറഞ്ഞു. നൃത്തേതര ഇനങ്ങളില്‍ കരോക്കേ ഗാനത്തില്‍ ഒന്നാം സ്ഥാനവും സോളോ സോംഗ്, പ്രസംഗം എന്നിവയില്‍ രണ്ടാം സ്ഥാനവും നേടി അയര്‍ലന്‍ഡിലെ യുവപ്രതിഭയായ ബ്രിട്ടോ പെരേപ്പാടന്‍ ആദ്യമായി ഫാ. ആബേല്‍ മെമ്മോറിയല്‍ അവാര്‍ഡ് അയര്‍ലന്‍ഡിനു നേടിക്കൊടുത്തു.

കേളി കലാമേളയില്‍ പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച നിലവാരം പുലര്‍ത്തി. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ 15 ഇനങ്ങളിലായി 150ഓളം പേര്‍ പങ്കെടുത്തു. മല്‍സരത്തില്‍ ജൂറിയായി ഏഴു രാജ്യങ്ങളില്‍നിന്നുള്ള പ്രതിഭകള്‍ എത്തി. അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് എട്ടു കുട്ടികളാണ് ഇത്തവണ കലാമേളയില്‍ മാറ്റുരച്ചത്.

ജൂണിയര്‍ വിഭാഗത്തില്‍ വിഷ്ണു ശങ്കര്‍ കുച്ചിപ്പുടിയില്‍ ഒന്നാം സമ്മാനവും ഭരതനാട്യം, നാടോടി നൃത്തം എന്നിവയില്‍ രണ്ടാം സമ്മാനവും നേടി.

ബ്രോണ പെരേപ്പാടന്‍ പെന്‍സില്‍ ഡ്രോയിംഗില്‍ ഒന്നാം സമ്മാനവും കുച്ചിപ്പുടിയില്‍ മൂന്നാം സമ്മാനവും ലഭിച്ചു.

ഉമാ ശങ്കര്‍ കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ ഇനങ്ങളില്‍ രണ്ടാം സമ്മാനവും ഭരതനാട്യം, പ്രസംഗം എന്നീ ഇനങ്ങളില്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി.

സബ്ജൂണിയര്‍ വിഭാഗത്തില്‍ ആജ്ഞല മേരി ജോസിനു ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ഇനങ്ങളില്‍ ഒന്നാം സമ്മാനവും പ്രസംഗത്തില്‍ രണ്ടാം സമ്മാനവും ലഭിച്ചു.

ഹരണി മീനാക്ഷി സുന്ദരം പ്രസംഗത്തില്‍ ഒന്നാം സമ്മാനവും ഭരതനാട്യത്തില്‍ രണ്ടാം സമ്മാനവും കുച്ചിപ്പുടിക്ക്ു മൂന്നാം സമ്മാനവും കരസ്ഥമാക്കി. മേജര്‍ സിനിമാറ്റിക്ക് ഗ്രൂപ്പ് ഡാന്‍സ് ഉമാ ശങ്കര്‍ ആന്‍ഡ് ടീം മൂന്നാം സമ്മാനവും ലഭിച്ചു.

മിനീസില്‍ സ്വരരാമന്‍ നമ്പൂതിരി കരോക്കെ ഗാനത്തിലും കഥപറച്ചിലിലും ഒന്നാം സമ്മാനം കരസ്ഥമാക്കി.

ചടങ്ങില്‍ മുഖ്യാതിഥികളായിരുന്ന രവീന്ദ്രപ്രസാദ് ജയ്സ്വാഗ് (ഡപ്യൂട്ടി ചീഫ് മിഷന്‍, ഇന്ത്യന്‍ എംബസി), സിനിമാതാരം ശങ്കര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.